ചുരുങ്ങിയ ചിലവിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജനെ വേർതിരിക്കുന്ന മെഷീൻ നിർമ്മിച്ച് ചെമ്പേരി വിമൽജ്യോതി വിദ്യാർത്ഥികൾ
ചെമ്പേരി : ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ ആവശ്യമായ ഓക്സിജന്റെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ കാലയളവിൽ ചുരുങ്ങിയ ചിലവിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജനെ വേർതിരിച്ചെടുക്കുന്ന മെഷീൻ നിർമ്മിച്ച് വീണ്ടും വിമൽജ്യോതി വിദ്യാർത്ഥികൾ ശ്രദ്ധിക്കപ്പെടുന്നു. രണ്ടാംവർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥികളായ അങ്കിത എൻ, മാനസ് ടോം, ആഷിക് ബെന്നി, ജോബിൻ ജോസഫ്, നിസ്വാർത് എ വി, ധനുഷ് സി എച്ച്, നെവിൻ സജി, നയന സജി, ഗോപിക ഗോപാലകൃഷ്ണൻ, ഗീതിക ടി, ശിൽപ എം നായർ, ജീന ജോർജ് എന്നിവർ ചേർന്നാണ് ഈ "ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ" പ്രോട്ടോടൈപ്പ് വേർഷൻ രൂപകൽപ്പന ചെയ്തത്. വിപണിയിൽ ഇന്ന് ലഭ്യമാകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററിനേക്കാൾ വളരെ ചുരുങ്ങിയ ചിലവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുന്ന ഈ മെഷീൻ വ്യാവസായിക അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും വിധം നിർമ്മിച്ച് നല്കുന്നതിനുള്ള ഒരുക്കത്തിലാണ് കോളേജും വിദ്യാർഥികളും. ഇപ്പോൾ വിപണിയിലുള്ള കോൺസെൻട്രേറ്ററിന് ഏകദേശം 60,000/- രൂപ മുതൽ ഒരു ലക്ഷം രൂപയോളം ചെലവ് വരുമെന്നും എന്നാൽ കുട്ടികൾ നിർമ്മിച്ച ഈ മെഷീന് 26,000/- രൂപയ്ക്ക് അടുത്തു മാത്രമേ ചെലവ് വരു എന്നും വിദ്യാർഥികൾ പറയുന്നു. കോവിഡ് കാലഘട്ടത്തിൽ തന്നെ ജനോപകാരപ്രദമായ "മെഡിക്കൽ അസിസ്റ്റന്റസ് റോബോട്ട്, പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസർ, റോബോ സാനിറ്റൈസർ ഡിസ്പെൻസർ, വലിയ മാളുകൾകളിലും , ഹോസ്പിറ്റലുകളിലുമൊക്കെ ജനത്തിരക്ക് നിയന്ത്രണം സാധ്യമാക്കുന്ന ക്രൗഡ് കൺട്രോളിംഗ് റോബോ സിസ്റ്റം" അടക്കമുള്ള പല കണ്ടുപിടിത്തങ്ങളും നടത്തി കണ്ണൂർ ജില്ലയിൽ ഉള്ള വിവിധ കോവിഡ് സെന്ററുകളിലേക്ക് നൽകി ഈ കാലയളവിൽ വിമൽജ്യോതി വിദ്യാർത്ഥികൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
No comments