Breaking News

കാസര്‍ഗോഡ് കളക്ടര്‍ക്കെതിരെ വ്യാജപ്രചരണം; അവധിക്ക് അപേക്ഷിച്ചത് 15ന്, രേഖകള്‍ പുറത്ത്


കാസര്‍ഗോഡ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്രയുടെ അവധിയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വ്യാജപ്രചരണം പൊളിഞ്ഞു. കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധമുണ്ടെന്ന് പ്രചരണമാണ് പൊളിഞ്ഞത്. കളക്ടറുടെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നു. ഈ മാസം 15നാണ് കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയത്. കുടുംബം സഹിതം ജന്മനാടായ മുംബൈയിലേക്ക് പോകുന്നതിനാണ് കളക്ടര്‍ അവധി അപേക്ഷ നല്‍കിയത്. ഭര്‍ത്താവും കുട്ടികളും യാത്രയില്‍ കൂടെയുള്ളതായും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 15-ാം തീയതി കളക്ടര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെന്ന് ചീഫ് സെക്രട്ടറി വിപി ജോയിയും സ്ഥിരീകരിച്ചു.

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു കളക്ടറുടെ അവധി വാര്‍ത്തയും പുറത്തുവന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍ഗോഡ് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു.സിപിഐഎം സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് വ്യക്തമാക്കി കലക്ടര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ കളക്ടര്‍ അവധിയില്‍ പോകുന്നത് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇതാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.







No comments