Breaking News

തായന്നൂർ-സർക്കാരി പായ്തറമിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവ ഭാഗമായി നാൾമരം മുറിക്കൽ ചടങ്ങ് നടന്നു


തായന്നൂർ: മാർച്ച് 26,27, 28 തീയതികളിൽ നടക്കുന്ന തായന്നൂർ-സർക്കാരി പായ്തറമിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവ ഭാഗമായി നാൾമരം മുറിക്കൽ ചടങ്ങ് നടന്നു. ഗോത്രാചാര പെരുമയിൽ  സ്ഥാനീകരുടെയും കലശക്കാരുടേയും കാർമ്മികത്വത്തിൽ നാൾമരം മുറിക്കൽ ചടങ്ങ് നടത്തി. രാമൻ കല്ല് വളപ്പ്, കൃഷ്ണൻ ഏഴാംമൈൽ, നാരായണൻ സർക്കാരി എന്നീ കലശക്കാർ ചടങ്ങിന് നേതൃത്വം നൽകി.


മാർച്ച് 26 ശനിയാഴ്ച രാവിലെ കലവറ നിറക്കൽ ഘോഷയാത്രയോടെ ഉത്സവത്തിന് തുടക്കമാകും. വൈകിട്ട് 7 മണിക്ക് തറവാട് കുറത്തിയമ്മ, 9.30 ന് ബീരൻ തെയ്യം. 10ന് മന്ത്രമൂർത്തി, കരിയപ്പോതി.

 മാർച്ച് 27 ഞായറാഴ്ച്ച പുലർച്ചെ 2 മണിക്ക് പിലി ചാമുണ്ഡി തെയ്യം. 3 ന് പൊട്ടൻ തെയ്യം. 5 മണിക്ക് പഞ്ചാരുളി തെയ്യത്തിൻ്റെ അമസാരം, പാഷാണ മൂർത്തി. 6 മണി മുതൽ നാട്ടുമൂർത്തി, കാപ്പാളത്തിയമ്മ, മായള കുറത്തിയമ്മ, കാർന്നോൻ തെയ്യം, കുഞ്ഞിക്കോരൻ തെയ്യം, രക്തചാമുണ്ഡി, ആട്ടക്കാരത്തിയമ്മ, കുടുംബത്ത് പഞ്ചുരുളി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് 2 മണിക്ക് വിഷ്ണുമൂർത്തി, ഗുളികൻ തെയ്യം. വൈകുന്നേരം 6 മണിയോടെ അപൂർവ്വമായി കെട്ടിയാടാറുള്ള അണ്ണപ്പ പഞ്ചുരുളി തെയ്യം അരങ്ങിലെത്തി അനുഗ്രഹം ചൊരിയും. തിങ്കളാഴ്ച്ച പുലർച്ചെ അണ്ണപ്പ പഞ്ചുരുളി തെയ്യം അരങ്ങൊഴിയുന്നതോടെ കളിയാട്ട മഹോത്സവം സമാപിക്കും.

സംഘാടക സമിതി ചെയർമാൻ ഗംഗാധരൻ മൊയാലം, കൺവീനർ എസ് കണ്ണൻ, വർക്കിങ്ങ് ചെയർമാൻ കെ.സി മോഹനൻ, പി.കെരാജു തുടങ്ങിയവർ ഭാരവാഹികളായുള്ള വിപുലമായ സംഘാടക സമിതിയാണ് കളിയാട്ട മഹോത്സവത്തിന് നേതൃത്വം കൊടുക്കുന്നത്.

No comments