Breaking News

അക്ഷയ കേന്ദ്രങ്ങൾക്ക് സമാന്തരമായ ജില്ലയിലെ വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കും പഞ്ചായത്തുകൾക്ക് നിർദേശമായി നൽകി


കാസർഗോഡ് :അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായ പേരുകളും കളര്‍കോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിലുടനീളം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്. എന്നാല്‍ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷയം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും നിര്‍ദേശമായി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ വ്യക്തിഗത വിവരങ്ങളുമായി  അപേക്ഷകള്‍ ചെയ്യാന്‍ പോകുന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ അക്ഷയ കേന്ദ്രങ്ങളാണോ എന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണമെന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്ററായ ജില്ലാ കളക്ട്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഇ-ഡിസ്ട്രിക്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നില്ലെന്ന് താലൂക്ക് തഹസില്‍ദാര്‍മാര്‍ ഉറപ്പ് വരുത്തി നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

സൂചന 3 പ്രകാരം, പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതുപോലെ ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍കോഡ് എന്നിവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. മിക്ക ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ഡിറ്റിപി ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നല്‍കുവാന്‍ ലൈസന്‍സ് വാങ്ങിയതിനുശേഷം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതു ജനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതായി സംരംഭകര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തടഞ്ഞ് നടപടിയെടുക്കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക്  ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

വിവിധ സര്‍ക്കാര്‍ , സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയിലേക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കുന്നതായിരിക്കും.

No comments