Breaking News

കാഞ്ഞങ്ങാട് ഷി ലോഡ്ജിന് ശാപമോക്ഷം ലോഡ്ജ് നടത്തിപ്പ് നഗരസഭ കുടുംബശ്രീക്ക് നൽകുന്നു


കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാന്‍‌ഡ് ഉദ്ഘാടനത്തോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുത്ത ഷി ലോഡ്ജിന് 'ശാപമോക്ഷം

ലോഡ്ജ് നടത്തിപ്പ് നഗരസഭ കുടുംബശ്രീക്ക് നല്‍കുന്നു. 2018 ലാണ് ബസ് സ്റ്റാന്‍‌ഡും ഷി ലോഡ്ജും ഉദ്ഘാടനം ചെയ്തത്. നാലു വര്‍ഷം കഴിഞ്ഞിട്ടും ബസ് സ്റ്റാന്‍ഡോ ഷി ലോഡ്‌ജോ ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുകയാണ്.


നിഷ്‌ക്രിയ ആസ്തിയായാണ് ഷി ലോഡ്ജിനെ ഓഡിറ്റിംഗ് വിഭാഗം വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് നഗരസഭ ബൈലോ ഭേദഗതി ചെയ്ത് ഷി ലോഡ്ജ് നടത്തിപ്പിന് നടപടി സ്വീകരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് രാപ്പാര്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സഹായകമായാണ് സംസ്ഥാനത്താദ്യമായി കാഞ്ഞങ്ങാട്ട് ഷി ലോഡ്ജ് യാഥാര്‍ത്ഥ്യമാക്കിയത്.


45 ലക്ഷം രൂപയാണ് ഇതിന് ചെലവ്. മുകളിലത്തെ നിലയില്‍ ആറു മുറികളും താഴത്തെ നിലയില്‍ ഷോപ്പിംഗ് കോംപ്ലക്‌സുമാണ്. എ.സി റൂമിന് പ്രതിമാസം 5000 രൂപയും വന്നു താമസിച്ചു പോകുന്നവര്‍ക്ക് 200 രൂപ നിരക്കിലും ദീര്‍ഘദൂര യാത്ര ചെയ്തുവരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 100 രൂപയും വാടക ഈടാക്കാവുന്നതാണെന്ന് നഗരസഭ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ക്ക് 6000 രൂപ പ്രതിമാസ വാടകയും നിശ്ചയിക്കാവുന്നതാണെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.


വാടക നഗരസഭയ്ക്ക് അടക്കേണ്ടതാണ്. ഷി ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും സ്റ്റിയറിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത വരുമാനം ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടായിവരുമ്ബോള്‍ സ്ഥാപനം ലാഭകരമായി പ്രവര്‍ത്തിക്കുന്നതുവരെ നഗരസഭയ്ക്ക് വാടകയും നല്‍കേണ്ടതില്ല. ഓരോ ആറുമാസം കൂടുമ്ബോഴും വരവു ചെലവു കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണെന്നും ശുപാര്‍ശയുണ്ട്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഈ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച്‌ അജണ്ട പാസ്സാക്കി.

No comments