Breaking News

Kerala Police | 'പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു': മുൻ ഡിജിപി ആർ ശ്രീലേഖ


തിരുവനന്തപുരം: കേരള പൊലീസിലെ (Kerala Police) വനിതാ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരിൽനിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ (R SreeLekha IPS). മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഒരു ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ വനിതാ എസ്ഐയെ അങ്ങോട്ട് വിളിപ്പിക്കും. ഇക്കാര്യം അവർ തന്നോട് വന്ന് പറഞ്ഞതായും ശ്രീലേഖ പറയുന്നു.


ഒരു ദിവസം അവർ പേടിച്ച് തന്‍റെ അടുത്ത് വന്നു. 'ആ ഡിഐജി പൊലീസ് ക്ലബിൽ വന്നിട്ടുണ്ടെന്നും, എന്നെ അവിടേക്ക് വിളിപ്പിക്കുന്നുണ്ട്' എന്നും പറഞ്ഞു. ഉടൻ തന്നെ താൻ ഡിഐജിയെ വിളിച്ച് വനിതാ എസ്.ഐ ഇന്ന് വരില്ലെന്നും തന്‍റെയൊപ്പമാണെന്നും പറഞ്ഞതായി ആർ ശ്രീലേഖ പറഞ്ഞു. ഡിഐജിയ്ക്ക് അപ്പോൾ തന്നെ കാര്യം മനസിലായി. അതുകൊണ്ടുതന്നെ അയാൾ ആ ദിവസം പിന്നീട് വിളിപ്പിച്ചില്ല. ഈ വനിതാ എസ്.ഐയെ ഡിഐജി മുമ്പും പലതവണ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.


സർവീസിൽ കയറി ആദ്യ പത്ത് വർഷം തനിക്ക് ശരിക്കും ദുസഹമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആണെന്ന വ്യാജേന ചില പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചശേഷം തന്നെ വിളിച്ച് അസഭ്യം പറഞ്ഞിട്ടുണ്ടെന്നും ആർ ശ്രീലേഖ പറയുന്നു. രാഷ്ട്രീയ പിൻബലമുണ്ടെങ്കിൽ ഡിജിപിയെ പോലും പൊലീസ് ഉദ്യോഗസ്ഥർക്ക് തെറി വിളിക്കാം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുമ്പ് ഒരു മുഖ്യമന്ത്രി, അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട്. 'ഇയാൾ അഴിമതിക്കാരനാണെന്ന് തനിക്ക് അറിയാമെന്നും, എന്നാൽ നല്ല അനുസരണയുള്ള ഉദ്യോഗസ്ഥനായതുകൊണ്ട് അഴിമതി താൻ കണ്ണടയ്ക്കുമെന്നുമാണ് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞ്'- ആർ ശ്രീലേഖ വ്യക്തമാക്കി.


സർവീസിൽ കയറിയ അന്നുമുതൽ പൊലീസിൽ പുരുഷമേധാവിത്വം ശക്തമായിരുന്നുവെന്ന് ആർ ശ്രീലേഖ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ മാനസികപീഡനത്തിൽ മനംനൊന്ത് ഒരു തവണ ഐപിഎസ് രാജിവെയ്ക്കാൻ പോലും താൻ തയ്യാറായതായി ആർ ശ്രീലേഖ പറഞ്ഞു. കേരള കേഡറിലെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ.

No comments