Breaking News

സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സമം പദ്ധതി; ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും


സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സമം പദ്ധതിയുടെ ജില്ലാതല ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സമം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഇതിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ ആദ്യവാരം മടിക്കൈ ടി എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തില്‍ മൂന്ന് ദിവസം നീളുന്ന കലാ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജില്ലയിലെ 10 വനിതകളെ പരിപാടിയില്‍ ആദരിക്കും. പരിപാടികളുടെ സംഘാടക സമിതി രൂപീകരണ യോഗം മാര്‍ച്ച് 11ന് വൈകീട്ട് 4ന് മടിക്കൈയില്‍ ചേരും.  ജില്ലയിലെ ജനപ്രതിനിധികളെയും വിവിധ വകുപ്പ് പ്രതിനിധികളെയും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളെയും യുവജന സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി 51 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിക്കും. സമം ജില്ലാ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എം പി രാധാമണി എന്നിവര്‍ ഓണ്‍ലൈനിലൂടെ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ് എന്‍ സരിത, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി സി ഷിലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments