Breaking News

'എല്ലാവരും പറ്റിച്ചു, പാർട്ടിയും'; തമിഴ്നാട്ടിൽ ഒറ്റ വോട്ടിൽ ഒതുങ്ങി ബിജെപി സ്ഥാനാർത്ഥി


തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്. ഈറോഡ് ജില്ലയിലെ ഭവാനിസാ​​ഗർ ടൗൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി നരേന്ദ്രനാണ് ഒരു വോട്ട് ലഭിച്ചത്. 'സ്വന്തം കുടുംബത്തിലുളളവർ പോലും തനിക്ക് വോട്ട് തന്നില്ലെന്ന് നരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്റെ കുടുംബാം​ഗങ്ങളോ, പാർട്ടിയം​ഗങ്ങളോ, സുഹൃത്തുക്കളോ തനിക്ക് വോട്ട് ചെയ്തില്ല. വോട്ട് ചെയ്യാമെന്ന് പറഞ്ഞ് പലരും തന്നെ വഞ്ചിച്ചുവെന്നും നരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ചെന്നൈയിലെ 200 വാർഡുകളിൽ 81 വാർഡിലും ഡിഎംകെ വിജയിച്ചു. എഐഎഡിഎംകെ 11 വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്. തമിഴ്നാട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കോൺ​ഗ്രസ് 5 വാർഡുകളിലും സിപിഐഎം 2 വാർഡുകളിലുമാണ് ജയിച്ചത്. എഐഎഡിഎംകെയുടെ കോട്ടയും പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവത്തിന്റെ ജന്മനാടുമായ തേനിയും ഡിഎംകെ സ്വന്തമാക്കി. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ഡിഎംകെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. മധുരൈ, കോയമ്പത്തൂര്‍, സേലം കോര്‍പ്പറേഷനുകളിലും ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നേറ്റം തന്നെയാണ് കാണുന്നതെന്നാണ് ആദ്യഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഏറെ പിന്നിലാണ് എഐഎഡിഎംകെ. കോര്‍പ്പറേഷനുകളിലെ 9 വാര്‍ഡുകളിലും, മുന്‍സിപ്പാലിറ്റികളില്‍ 90 വാര്‍ഡുകളിലും, 385 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് എഐഎഡിഎംകെയുടെ മുന്നേറ്റം. തമിഴ് സൂപ്പര്‍ താരം വിജയ് മക്കള്‍ ഇയക്കത്തിന്റെ സ്ഥാനാര്‍ത്ഥികളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പുതുക്കോട്ടെ മുന്‍സിപ്പാലിറ്റിയില്‍ 4 വാര്‍ഡുകളില്‍ വിജയ് ആരാധകര്‍ വിജയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെ എട്ടുമണിക്കാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചത്. സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 74416 സ്ഥാനാര്‍ഥികളാണ് മല്‍സരംഗത്തുണ്ടായിരുന്നത്. ഫെബ്രുവരി 19 ന് നടന്ന തിരഞ്ഞെടുപ്പ് 21 കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗണ്‍ പഞ്ചായത്തുകളിലുമായി 12,839 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ അറുപതുമുതല്‍ എഴുപതുവരെ ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.


No comments