Breaking News

ആക്രമണം കടുപ്പിച്ച് റഷ്യ, കപ്പലുകൾ തകർത്തു, ചെറുത്തുനിൽപ്പ് തുടർന്ന് കീവ് റഷ്യൻ പിൻമാറ്റത്തിന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം, വീറ്റോ ചെയ്ത് റഷ്യ, വിട്ട് നിന്ന് ഇന്ത്യ




കീവ്: യുദ്ധം തുടങ്ങി മൂന്നാം ദിനവും ആക്രമണങ്ങളില്‍ അയവില്ലാതെ റഷ്യ( Russia) . യുക്രൈനെ (Ukraine) കടന്നാക്രമിച്ച് തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
റഷ്യൻ പിൻമാറ്റത്തിന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം, വീറ്റോ ചെയ്ത് റഷ്യ, വിട്ട് നിന്ന് ഇന്ത്യ

യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യു എൻ പൊതു സഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.

ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. പ്രമേയത്തിൽ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങൾക്ക് ഇടം കൊടുക്കാനെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചർച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു.

റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇനി 192 അംഗ പൊതു സഭയിൽ ഇനി വിഷയമെത്തും.
'യുദ്ധം അപമാനകരമായ കീഴടങ്ങല്‍': സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ് ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രൈന്‍ (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രത്തില്‍. 'എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍' ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.

അതേ സമയം വെള്ളിയാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ച മാര്‍പാപ്പ. റഷ്യയുടെ യുക്രൈന്‍ അധിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്. അതേ സമയം റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥം വഹിക്കാം എന്ന് മാര്‍പാപ്പ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ തള്ളികളഞ്ഞു.

No comments