Breaking News

'നടന്നത് തീവ്രവാദശൈലി ആക്രമണങ്ങൾ'; ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികളെന്ന് മന്ത്രി കൃഷ്ണൻകുട്ടി


പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം വിജയകരമായിരുന്നെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആസൂത്രിത അക്രമം ഉണ്ടാകുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പൊലീസ് ശക്തമായ രീതിയില്‍ ഇടപെടും. യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകും. തീവ്രവാദസ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്. പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നതാണ് പ്രധാനം. ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സമാധാനശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. സമാധാനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സമാധാനശ്രമം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചര്‍ച്ചകള്‍ നടത്തും. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും കൃഷ്ണകുട്ടി വ്യക്തമാക്കി. ബിജെപി നേതാക്കള്‍ യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയാല്‍ ഒന്നും ചെയ്യാനാകില്ല. എല്ലാവരെയും യോജിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കും. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


No comments