Breaking News

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടി വീഴും; പൊലീസ് പരിശോധന പുനരാരംഭിക്കുന്നു




തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കേരള പൊലീസ് (Kerala Police) പുനരാരംഭിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ കോവിഡ് (Covid 19) വ്യാപനം രൂക്ഷമായതോടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പൊലീസ് നിർത്തിവെച്ചത്. പരിശോധന പുനരാരംഭിക്കാന്‍ ഡിജിപിയാണ് (Kerala DGP) നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്നാണ് ഡിജിപി നല്‍കിയത്.



കോവിഡ് വ്യാപന സാഹചര്യത്തിലാണ് ആല്‍ക്കോമീറ്റര്‍ ഉപയോ​ഗിച്ചുള്ള ഊതിക്കൽ പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചത്. നേരിട്ടുള്ള പരിശോധനകളില്‍ നിന്നു പൊലീസ് വിട്ടുനില്‍ക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഇളവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രികാല വാഹന പരിശോധനയും കര്‍ശനമാക്കും.



രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. എത്രയും വേഗം പരിശോധന പുനരാരംഭിക്കാനാണ് ഡിജിപിയുടെ നിർദേശം. അതുകൊണ്ടുതന്നെ ഇന്ന് രാത്രി മുതൽ തന്നെ സംസ്ഥാനത്ത് പൊലീസ് പരിശോധന പുനരാരംഭിച്ചേക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ വെള്ളിയാഴ്ചകളിലെ പരേഡും പുനരാരംഭിക്കാൻ ഡിജിപി നിർദേശിച്ചിട്ടുണ്ട്.

No comments