Breaking News

മലയോരത്ത് തെരുവ്നായ ശല്യം രൂക്ഷം യാത്രക്കാരെ അക്രമിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെ കടിച്ച് കൊല്ലുന്നതും പതിവ്


വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. മലയോരത്തെ വിവിധ ഭാഗങ്ങളിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കളെ കാണാം. ബളാൽ, കോടോംബേളൂർ, കള്ളാർ, പനത്തടി, കുറ്റിക്കോൽ,കരിവേടകം, കൂടുംബൂർ ,ബന്തടുക്ക, പള്ളത്തിങ്കാൽ മേഖലയിൽ ഇവയുടെ ശല്യം രൂക്ഷമാണ്. രാവിലെ നടക്കാനിറങ്ങുന്നവരും സൊസൈറ്റികളിൽ പാൽ കൊണ്ടു പോകുന്നവരും ഇതോടെ ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ് ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്.


നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആൾപ്പെരുമാറ്റമില്ലാത്ത പൊന്തക്കാടുകളുമൊക്കെയാണ് ഇവയുടെ വിശ്രമ കേന്ദ്രം. ടൗണുകളിലാകട്ടെ കട വരാന്തകളിലാണ് ഇവ തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പാത്തിക്കരയിലെ രണ്ടര വയസുകാരനെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മുഖത്ത് കടിയേറ്റ് ഗുരുതര പരിക്കുകളോടെ വിവേക് ഇപ്പോൾ ചികിത്സയിലാണ്.


സമാന സംഭവം കുറ്റിക്കോലിലും നടന്നു. കുറ്റിക്കോൽ ഹൈസ്കൂൾ റോഡിൽ അക്ഷര പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരി പുഷ്പയെ(45) തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ പള്ളത്തിങ്കാലിലും തെരുവ് നായ കടിച്ചു നിരവധി പേർ ചികിത്സ തേടിയിരുന്നു. അമ്പലത്തറ ചുണ്ണംകുളത്തെ യശോദ എന്ന വീട്ടമ്മ അരുമയായി വളർത്തിയിരുന്ന അഞ്ചോളം ആട്ടിൻകുട്ടികളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം കഴിഞ്ഞ ആഴ്ചയിലായിരുന്നു. അധികൃതർ ഇടപെട്ട് ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

No comments