Breaking News

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ്; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്




ഇടുക്കി: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ (off road race case)ജോജു ജോർജിനെതിരെ (joju george)മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ  പറഞ്ഞു.

വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിൻറെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആർടിഒ ഓഫീസിൽ എത്തുമെന്ന് ഫോണിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറിയില്ല.

ലൈസൻസ് റദ്ദാക്കുന്നതിനു മുൻപ് കേസിലുൾപ്പെട്ടയാൾക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് നിയമം പരിപാടി സംഘടിപ്പിച്ച നടൻ ബിനു പപ്പുവിനും നോട്ടീസ് നൽകിയിരുന്നു. ഇവരും എത്താത്തതിനെ തുടർന്നാണ് തുടർ നടപടികളിലേക്ക് കടക്കാൻ ആർടിഒ തീരുമാനിച്ചത്.

ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ല കളക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളിൽ നിന്നും തരിച്ചറിഞ്ഞ നടൻ ജോജു ജോർജ്ജ് ഉൾപ്പെടെ 17 പേരോടാണ് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസാണ് പരാതി നൽകിയത്

No comments