Breaking News

വായനാ ദിനാചരണം കാസർകോട് ജില്ലാതല പരിപാടി എൻ.എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു


കാസർകോട്: പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റൽ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനാ ദിനാചരണം ജില്ലാതലത്തിൽ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. വായന മനുഷ്യൻ ഉള്ളിടത്തോളം ഉണ്ടാകും. അത് അവസാനിക്കുന്നില്ല. മഹാകവികളായ ടി ഉബൈദും പി.കുഞ്ഞിരാമൻ നായരും കയ്യാർ കിഞ്ഞണ്ണറേയും രാഷ്ട്രകവി ഗോവിന്ദപൈയും സാഹിത്യരചന നടത്തിയ മണ്ണാണ് നമ്മുടേത് 
പുസ്തകങ്ങൾ വായിക്കേണ്ടത്  അത്യന്താപേക്ഷിതമാണ്. പുസ്തകങ്ങൾ വായിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു ദിവസം ഒരു പത്രമെങ്കിലും വായിച്ചിരിക്കണം.  മുൻപ് ഒരു പുസ്തകമെങ്കിലും കയ്യിൽ കരുതുന്നത്  അഭിമാനമായിരുന്നു എന്നാൽ ഇന്ന് ആളുകൾ പുസ്തകങ്ങൾക്ക് പകരം ടാബുകളാണ് കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല സംഘം സ്ഥാപകന്‍ പി എന്‍ പണിക്കറിന്റെ അനുസ്മരണാര്‍ത്ഥം ജില്ലയില്‍ ജൂണ്‍ 19ന് വായനാദിനം വിപുലമായാണ് ആചരിച്ചത്.  
കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.  
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വായനാദിന സന്ദേശം നല്‍കി.  മനുഷ്യൻ സ്വന്തം കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹ ജീവിയെന്ന നിലയിൽ മറ്റുള്ളവരുടെ കൂടി ജീവിതവ്യഥകളെ തിരിച്ചറിയാൻ  നല്ല വായന സഹായിക്കുമെന്ന് കളക്ടർ പറഞ്ഞു
മുന്‍ എം.എല്‍.എയും ജില്ലാ  ലൈബ്രറി കൗണ്‍സില്‍  പ്രസിഡന്റുമായ കെ.വി കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം കേരളമാണ്. വായിക്കുകയെന്നത് വ്യക്തിപരമായ വികാസത്തിന്റെ സവിശേഷമായ ഘടകമാണ്. വായന അറിവും അവബോധവും നൽകുന്നുവെന്നും കെ.വി.കുഞ്ഞിരാമൻ പറഞ്ഞു. സത്യവും മിഥ്യയും തിരിച്ചറിയാൻ പുസ്തക വായന സഹായിക്കും.
 പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ. കെ. പി ജയരാജന്‍  പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒരു ദിവസത്തിൽ മാത്രമൊതുങ്ങേണ്ടതല്ല വായന. ഇന്നത്തെ കേരളം ലോകത്തിന് മുൻപിൽ മാതൃകയാകുന്നുന്നെങ്കിൽ അതിന് കടപ്പെട്ടിരിക്കുന്നത് ഗ്രന്ഥാശാല സംഘത്തിന്റെ വായനശാലകളോടും പി.എൻ.പണിക്കരുടെ നിസ്വാർത്ഥ സേവനത്തോടുമാണെന്ന് പ്രൊഫ. കെ. പി ജയരാജന്‍ പറഞ്ഞു. 

കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂര്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. കുട്ടികൾക്ക് നൽകേണ്ട അനേകാനുഭവങ്ങളിൽ ഒന്നാണ് വായന. കുട്ടികൾക്ക് അതെത്തിക്കാൻ നമ്മൾക്ക് കഴിയണം. വായനദിനം ഔപചാരികത മാത്രമായി മാറരുത്. നിത്യജീവിതത്തിൽ  വായനയ്ക്ക് ഇടം നൽകണമെന്നും കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂര്‍ പറഞ്ഞു.
 വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി അന്നമ്മ, സാക്ഷരത പ്രവർത്തകൻ കാവുങ്കാൽ നാരായണൻ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡൊമിനിക് അഗസ്റ്റിന്‍, കാന്‍ഫെഡ് ജില്ലാ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ. വി രാഘവന്‍,  ഡി.ഇ.ഒ നന്ദികേശൻ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എം സിദ്ദീഖ് നന്ദിയും പറഞ്ഞു.

No comments