Breaking News

റേഞ്ചില്ല; കണക്ഷനും കട്ട്‌ മലയോരത്ത് വരിക്കാർ ബിഎസ്എൻഎല്ലിനെ ഉപേക്ഷിക്കുന്നു


വെള്ളരിക്കുണ്ട് : വൈദ്യുതി പോയാൽ മലയോരത്ത് ബിഎസ്എൻഎല്ലിന്‌ റേഞ്ച്‌ ഇല്ല. ചിറ്റാരിക്കാൽ, കൊന്നക്കാട്, മാലോം, പറമ്പ, എളേരി, പുന്നക്കുന്ന്, ബഢൂർ ടവറുകൾക്ക് കീഴിലുള്ള മൊബൈൽ ഉപഭോക്താക്കളാണ് റേഞ്ച്‌ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. മറ്റ് സ്വകാര്യ മൊബൈൽ കമ്പനികൾക്കെല്ലാം ഏത് സമയത്തും നല്ല റേഞ്ചാണ്‌. പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും ജനങ്ങളെയകറ്റുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്. പലരും മറ്റു സ്വകാര്യ കമ്പനികളുടെ കണക്ഷൻ എടുത്ത് ബിഎസ്എൻഎല്ലിനെ ഉപേക്ഷിക്കുന്നു. പലപ്പോഴും ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ്‌ റേഞ്ച്‌ ലഭിക്കുക. .ഇപ്പോൾ അതും ഇല്ല.
എക്സ്ചേഞ്ചുകളിൽ ഭീമനടി ഒഴികെ എവിടെയും ബാറ്ററി കപ്പാസിറ്റിയില്ല.
ആവശ്യത്തിന് ബാറ്ററികൾ സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ചാൽ പ്രശ്‌നപരിഹാരമാകും. എന്നാൽ അതിന്‌ തയ്യാറാകുന്നില്ല. മലയോരത്തെ ടെലിഫോൺ എക്‌സ്‌ചേഞ്ചുകളെ ഉപേക്ഷിച്ച മട്ടാണ്. ജീവനക്കാരെ എല്ലാം ഒഴിവാക്കി. കാലിച്ചാനടുക്കം, പുതുക്കുന്ന്, പരപ്പ, ബളാൽ, ഭീമനടി എക്‌സചേഞ്ചുകൾക്കായി ഭീമനടിയിൽ ഒരു ജെടിഒ ആയിരുന്നു അവശേഷിച്ചിരുന്നത്. അയാളെയും പിൻവലിച്ചതോടെ ഇപ്പോൾ നാഥനില്ല. ചിറ്റാരിക്കാലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റി.
അറ്റകുറ്റപ്പണികയെടുക്കുന്ന കരാർ തൊഴിലാളികളും അഞ്ച് മാസത്തിലധികമായി കൂലി ലഭിക്കാത്തതിനാൽ പണിനിർത്തി. പുതിയ കരാറുകാരാരും മലയോരത്തേക്ക് വരുന്നില്ല. ഓരോ എക്സ്ചേഞ്ചിലും ശരാശരി 1500 ലാൻഡ്‌ കണക്ഷനുണ്ടായിരുന്നിടത്ത് ഇപ്പോൾ 50 കണക്ഷൻ മാത്രം. പഞ്ചായത്ത്, സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, ബാങ്കുകൾ, അത്യാവശ്യം മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒതുങ്ങി. അതിനും നല്ല സേവനം നൽകാൻ സാധിക്കുന്നില്ല. ബിഎസ്എൻഎൽ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനും ബിൽ അടയ്‌ക്കാനും മലയോരത്തെ ഏക കൗണ്ടർ ഭീമനടിയിലാണ് . സ്വകാര്യ കരാറുകാർ നടത്തുന്ന ഈ കൗണ്ടറും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇത് പൂട്ടിയാൽ പിന്നെ നീലേശ്വരത്തെത്തണം. ഒരു ഡസനോളം എക്സ്ചേഞ്ചുകൾ ബിഎസ്‌എൻഎല്ലിന്‌ മലയോരത്തുണ്ട്‌. എന്നിട്ടും തൃപ്തികരമായ സേവനം നൽകാൻ കഴിയുന്നില്ല. സ്വകാര്യ കമ്പനികൾ ലാഭം കൊയ്യുന്നു.



No comments