Breaking News

പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 18 ആണ് അവസാന തിയതി. ജൂലൈ 21ന് ട്രയൽ അലോട്ട്‌മെന്റ് നടക്കും. സെപ്തംബർ 30 ഓടു കൂടി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ആലോട്ട്‌മെന്റ് ജൂലൈ 27നും, ആദ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ആഗസ്റ്റ് 11നും നടക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തുകയും, 2022 സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും.

ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റുകൾ കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലെ സീറ്റുകളാണ് കൂട്ടിയത്. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റു വർദ്ധനവ് നടപ്പാക്കും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശശമാനം വർദ്ധനവ് കൂടി അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പാക്കും. നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്ന ബോണസ് മാർക്ക് ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷം താൽകാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉൾപ്പടെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷവും ഉണ്ടായിരിക്കും.

No comments