Breaking News

പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താൻ കാസർകോട് ജില്ലയില്‍ 1012 പഠനമുറികള്‍ പൂർത്തിയായി







കാസർകോട്: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താൻ ജില്ലയില്‍ 1012 പഠനമുറികൾ നിർമിച്ചു. വീടുകളില്‍ പഠനസൗകര്യം ഇല്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്കാണ് പട്ടികജാതി വികസന വകുപ്പ് പഠനമുറികൾ നിർമിച്ചത്. 2017-18ല്‍ 190 പഠനമുറികള്‍ അനുവദിച്ചതില്‍ 189ഉം, 2018 -19 വര്‍ഷത്തില്‍ 170ല്‍ 169ഉം പൂര്‍ത്തീകരിച്ചു.'

2019-20 കാലയളവില്‍ അനുവദിച്ച 200 പഠനമുറികളില്‍ മുഴുവനും പൂര്‍ത്തിയാക്കി. 2020 -21 വര്‍ഷത്തില്‍ അനുവദിച്ച 398 പഠനമുറികളില്‍ 356ഉം, 2021-22ല്‍ 205 പഠനമുറികളില്‍ 98 എണ്ണവും പൂര്‍ത്തിയാക്കി. 2022-23 വര്‍ഷത്തില്‍ 150 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്. 15 പേര്‍ക്ക് ആദ്യ ഗഡു നല്‍കി.വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള, വീടുകളുടെ വിസ്തീർണം 800 ചതുരശ്ര അടിയില്‍ താഴെയുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി വീടിനൊപ്പം 120 ചതുരശ്ര അടി മുറി നിർമിച്ചുനല്‍കുന്നതാണ് പദ്ധതി.

നാല് ഘട്ടമായി രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത് ചുവരുകള്‍ തേച്ച് തറ ടൈല്‍ വിരിക്കണം. പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള ഭിത്തി അലമാര, മേശ, കസേര, മുറി വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നീ സൗകര്യങ്ങളോടെയാണ് പഠനമുറിയുടെ നിര്‍മ്മാണം. പ്ലസ് ടു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

ഒരു കിടപ്പുമുറി മാത്രമുള്ള വീടുകള്‍, പിതാവോ മാതാവോ മരിച്ച വിദ്യാര്‍ഥികള്‍, മാരകമായ രോഗം ബാധിച്ച രക്ഷിതാക്കള്‍ ഉള്ള കുടുംബത്തിലെ വിദ്യാര്‍ഥികള്‍, പെണ്‍കുട്ടി മാത്രമുള്ള കുടുംബത്തിലെ കുട്ടികള്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുന്നുവെന്ന് ജില്ല പട്ടിക ജാതി വികസന ഓഫിസര്‍ എസ്. മീനാറാണി പറഞ്ഞു.

No comments