Breaking News

ഏകാന്ത സൈക്കിൾ യാത്രയ്ക്ക് തുടക്കം: തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക്, 30000 കിലോമീറ്റർ, 35 രാജ്യങ്ങൾ




ഓഗസ്റ്റ് 15 ആയ ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും ഒരു ഏകാന്ത സൈക്കിള്‍ യാത്രികന്‍ യാത്ര പുറപ്പെട്ടു. ഒന്നു രണ്ടുമല്ല 30,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ബ്രിട്ടന്‍റെ തലസ്ഥാനമായ ലണ്ടന്‍ നഗരത്തിലെത്തുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഭാവിയിലേക്കുള്ള കഴിവുകൾ സ്വായത്തമാക്കുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫായിസിന്‍റെ ഈ ദൂര്‍ഘ ദൂരയാത്ര. ഇന്ത്യയുടെ 76-ാം സ്വാതന്ത്രദിനത്തിലാരംഭിച്ച് 450 ദിവസം കൊണ്ട് തന്‍റെ ഏകാന്ത സൈക്കിള്‍ യാത്ര പൂര്‍ത്തിയാക്കാമെന്ന് കരുതുന്നതായി കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ സ്വദേശിയായ ഫായിസ് അഷറഫ് അലി പറയുന്നു.

34 കാരനായ ഫായിസിന്‍റെ രണ്ടാമത്തെ ദീര്‍ഘദൂര യാത്രയാണിത്. ആദ്യത്തേത് 2019 ഓഗസ്റ്റ് ഏഴിനായിരുന്നു. ആ യാത്ര അവസാനിച്ചത് 104 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 15 ന് സിംഗപ്പൂരില്‍. മൊത്തം 8,000 കിലോമീറ്റര്‍ ഇതിനിടയില്‍ ഫായിസ് ചവിട്ടിത്തീര്‍ത്തിരുന്നു. ഇതിനിടെ പത്തോളം ഇന്ത്യന്‍ സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഫായിസ് തന്‍റെ സൈക്കിളില്‍ മറികടന്നു. ഇന്ത്യയുടെ കിഴക്കന്‍ രാജ്യങ്ങളിലേക്കാണ് ആദ്യ യാത്രയെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറേക്കാണ്.

തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളിൽ സഞ്ചരിച്ച് വിമാന മാർഗ്ഗം ഒമാനിലെത്തി, അവിടെ നിന്നും സൈക്കിളിൽ യുഎഇ, സൗദ്യഅറേബ്യ, ഖത്തർ, ബഹ്റെൻ, കുവൈറ്റ്, ഇറഖ്, ഇറാൻ, ജോർജിയ, തുർക്കി.പിന്നീട് അവിടെ നിന്ന് യുറോപ്യൻ രാജ്യമായ ബൾഗേറിയ, റുമേനിയ, മാൾഡോവ, യുക്രൈൻ, പോളണ്ട്, ചെകോസ്ലാവാക്യ, ഹം​ഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റലർലാൻഡ്, ജർമനി, നെതർലന്‍റ്സ്, ബെൽജിയം, ലക്സംബർ​ഗ്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തി ചേരുക

No comments