Breaking News

റെയിൽപാളത്തിൽ അട്ടിമറിശ്രമം: റെയിൽവേ സംരക്ഷണസേന സുരക്ഷാ കമ്മിഷണർ കാസർകോട്ടെത്തി



കാസർകോട്: ജില്ലയിൽ വിവിധയിടങ്ങളിലായി റെയിൽ പാളത്തിൽ കരിങ്കൽ കഷ്‌ണങ്ങളും ഇരുമ്പ് പാളികളും വച്ച സംഭവം അന്വേഷിക്കാൻ ആർപിഎഫ്  ഉന്നതസംഘം ജില്ലയിലെത്തി. പാലക്കാട് ഡിവിഷൻ സുരക്ഷാ കമീഷണർ ജിതിൻ ബി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌  കാസർകോട്‌ എത്തിയത്‌. ഇരുമ്പ് പാളി വച്ച സ്ഥലം സന്ദർശിച്ചു. 

റെയിൽവേ പാളത്തിന്റെ സമീപത്തെ അനാവശ്യ കോൺക്രീറ്റ്, ഇരുമ്പ് പാളികൾ മാറ്റാൻ റെയിൽവേ എൻജിനീയർ വിഭാഗത്തോട്‌  നിർദേശിക്കും. പാളത്തിലേക്ക് കയറാൻ വിവിധയിടങ്ങളിലുള്ള വഴിയും അടക്കും.  കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷനിലെ പാളത്തിന്റെ സമീപത്തെ കാടുകൾ മദ്യപാന സംഘങ്ങൾ താവളമാക്കുന്ന അവസ്ഥയുമുണ്ട്‌. 

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുമായി ആർപിഎഫ്‌ സംഘം ചർച്ച നടത്തി. ജില്ലയിലെ ആർപിഎഫ്‌, റെയിൽവേ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. 

ആർപിഎഫ്‌ ജീവനക്കാരുടെ കുറവുകൾ പരിഹരിക്കാൻ ഇതര ജില്ലകളിലുള്ള നേരത്തെ ജില്ലയിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഇവിടേക്കു നിയമിക്കുമെന്ന് കമീഷണർ പറഞ്ഞു. 

കുമ്പള മുതൽ കാഞ്ഞങ്ങാട് വരെയുള്ള റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും റെയിൽവേ എൻജിനീയറിങ് വിഭാഗവും രാത്രികാല പരിശോധന ശക്തമാക്കും. ട്രാക്കിന്റെ സുരക്ഷയ്ക്കായി  പൊതുജനങ്ങളുടെ സഹകരണ ഉറപ്പാക്കാൻ ആർപിഎഫും പൊലീസും ചേർന്ന്‌ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

No comments