Breaking News

കലൂർ കൊലപാതകം; പൊലീസിന്റെ കണ്ണുവെട്ടിക്കാൻ രൂപമാറ്റം വരുത്തി മുഖ്യപ്രതി, കാസർകോട് സ്വദേശി ഒടുവിൽ പിടിയിൽ



മഞ്ചേശ്വരം : കൊച്ചിയില്‍ ഡിജെ പാര്‍ട്ടിയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കാസർകോട് സ്വദേശി മൈസൂരിൽ പിടിയിൽ,

മുഹമ്മദ്‌ ഹസന്‍ ആണ് മൈസൂരുവില്‍ നിന്ന് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ മുഹമ്മദ്‌ ഹസന്‍ രൂപമാറ്റം വരുത്തിയിരുന്നു. പ്രതിയെ പുലര്‍ച്ചെയോടെ കൊച്ചിയില്‍ എത്തിക്കുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.



കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്ബൂരി സ്വദേശിയും ഇരുപത്തിനാലുകാരനുമായ അഭിഷേക് ജോണും പ്രധാന പ്രതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അഭിഷേകും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പൊലീസിന്‍റെ പിടിയിലായത്. അഭിഷേകിന്റെ കൂട്ടാളിയായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരന്‍ പറയുന്നത്.



അതേസമയം, ഒന്നര മാസത്തിനിടെ കൊച്ചിയില്‍ ആറ് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രി പട്രോളിംഗ് ഉര്‍ജിതമാക്കിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ...


കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൊച്ചി കലൂ‍ര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്ബനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയില്‍ അഭിഷേക് ജോണും സുഹൃത്ത് കാസര്‍കോട് സ്വദേശി മുഹമ്മദും പങ്കെടുത്തു. പാര്‍ട്ടിയ്ക്കിടെ ഇരുവരും പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് കൊല്ലപ്പെട്ട എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് അടക്കമുള്ള സംഘാടകര്‍ ചോദ്യം ചെയ്തു, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതില്‍ വൈരാഗ്യം പൂണ്ട അഭിഷേകും മുഹമ്മദും ഡിജെ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ അഭിഷേക് കല്ലുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചത് രാജേഷിന്‍റെ സുഹൃത്തുക്കള്‍ തടഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാജേഷിനെ തുരുതുരാ കുത്തി കൊലപ്പെടുത്തുകയായിരുന്നു 

No comments