Breaking News

അനധികൃത ലോൺ ആപ്പുകൾക്ക് നിയന്ത്രണം; പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കേന്ദ്രം


ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം. ഇതിന്റെ ഭാഗമായി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ദുര്‍ബലരായ ഉപയോക്താക്കളെ ചൂഷണം ചെയ്യാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെ തടയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. റിസര്‍വ് ബാങ്ക് തയ്യാറാക്കുന്ന പട്ടികയിലെ ആപ്പുകള്‍ മാത്രമാണ് ഫോണുകളിലെയും മറ്റും പ്ലേസ്റ്റോറുകളിലും ആപ്പ് സ്റ്റോറുകളിലും ഇടംപിടിക്കുന്നുള്ളൂ എന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഉറപ്പാക്കും. ഇന്നലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് വര്‍ധിച്ചു വരുന്ന കേസുകളില്‍ നിര്‍മ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം കുറ്റവാളികള്‍ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വിവരങ്ങള്‍ ചോര്‍ത്തലും ഉള്‍പ്പടെ നടത്താന്‍ സാധ്യതയുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍, ബാങ്ക് ജീവനക്കാര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് സൈബര്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നില്‍ ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പേടിഎം, റേസര്‍പേ, കാഷ്ഫ്രീ തുടങ്ങിയ പേയ്‌മെന്റ് ഗേറ്റ്‌വേ ആപ്പുകളുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്. ചൈനീസ് ആപ്പുകളുടെ ഇടപാടുകള്‍ സുഗമമാക്കുന്നതിന് സഹായിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


No comments