Breaking News

മാമ്പഴം മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു


കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഷിഹാബിന്റെ നടപടി പൊലീസ് സേനയക്ക് കളങ്കമായെന്നും, പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. പ്രഥമദൃഷ്ട്യാ അച്ചടക്ക ലംഘനവും വ്യക്തമായതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ എന്നും ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിലുണ്ട്. കഴിഞ്ഞ ശബരിമല സീസണില്‍ സുഗമമായി ദര്‍ശനം നടത്താമെന്ന് അവകാശപ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതി ഷിഹാബിനെതിരെ ഉയര്‍ന്നിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഹാബിനെതിരെ കാഞ്ഞിരപ്പില്ലി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ കടതുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകകായിരുന്നു. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ വ്യക്തമായിരുന്നതാണ് 'മോഷ്ടാവിനെ' കണ്ടെത്താന്‍ സഹായിച്ചത്. കടയുടെ അരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പൊലീസുകാരന്‍ മാമ്പഴങ്ങള്‍ എടുത്ത് വണ്ടിയില്‍ ഇടുന്നതുള്‍പ്പടെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പിള്ളി പൊലീസ് കേസെടുത്തത്.


No comments