Breaking News

ബേക്കലിന്റെ തീരത്ത് പെയ്തിറങ്ങി ലയാലി സൂഫിയ

കാസർഗോഡ് : കടലലകളും ഖവാലി സംഗീതത്തിന്റെ അലയൊലികളും ബേക്കല്‍ തീരത്ത് ഒന്നായി. പ്രശസ്ത ഖവാലി സംഗീതജ്ഞ ശബ്‌നം റിയാസിന്റെ ശബ്ദമാധുര്യത്തില്‍ പിറന്ന ഖവാലി ഗാനങ്ങളുടെ അലകള്‍ ബേക്കലിന്റെ തീരത്തെ പുല്‍കി. ബിസ്മില്ലാഹ് എന്ന സൂഫി ഗാനത്തില്‍ തുടങ്ങി ഖവാലി സംഗീതത്തിന്റെ  മാസ്മരികതയില്‍ ബേക്കല്‍ അലിഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഖവാലി സൂഫി സംഗീത നിശയാണ് വ്യത്യസ്ത അനുഭവമായി മാറിയത്. ശബ്‌നം റിയാസിന്റെ മനോഹര ശബ്ദവും പശ്ചാത്തല സംഗീതവും സദസ്സിലെ നിശ്ശബ്ദതയിലേക്ക് ശബ്ദസൗന്ദര്യമായി പെയ്തിറങ്ങിയപ്പോള്‍ സദസ്സും ഒന്നടങ്കം ഏറ്റുപാടി ലയാലി സൂഫിയ. നുസ്രത്ത് ഫത്തേ അലി ഖാന്‍  മുതല്‍ എ.ആര്‍ റഹ്‌മാന്‍ വരെ ആലപിച്ച മനോഹര ഗാനങ്ങള്‍ നിറഞ്ഞ സദസ്സിലേക്ക് ഒഴുകിയെത്തി. ഒപ്പം സൂഫി നൃത്തവും കൂടി ചേര്‍ന്നതോടെ ലയാലി സൂഫിയ വേദി ബേക്കലിന് അവിസ്മരണീയമായ ഒരു രാത്രി സമ്മാനിച്ചു.

ദൈവത്തോടുള്ള മനുഷ്യന്റെ സംവാദമായ ഖവാലി സംഗീത നിശയ്ക്ക് ഏറ്റവും മനോഹരമായ പേരായി മാറി ലയാലി സൂഫിയ. അറബി വാക്കായ ലയാലി സൂഫിയയുടേ മലയാള അര്‍ത്ഥം ദൈവത്തിന്റെ കാമുകി എന്നാണ്. അത്തരത്തില്‍ വളരെ അടുപ്പമുള്ള ഒരാള്‍ ദൈവത്തിനോട് നടത്തുന്ന സംവാദം പോലെ ഹൃദ്യമായി ഓരോ ഖവാലി ഗാനവും. വെണ്ണിലാ ചന്ദനക്കിണ്ണവും  ശുക്‌രിയയും അടക്കം മലയാളികള്‍ മറക്കാത്ത മനോഹര ഗാനങ്ങള്‍ ആലപിച്ച ശബ്ദത്തിന്റെ ഉടമയാണ് ശബ്‌നം റിയാസ്.

No comments