Breaking News

പുതിയ വകഭേദം കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം ; ജില്ലാ മെഡിക്കൽ ഓഫീസർ


കാസർഗോഡ് : ഇതര രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബി എഫ് 7ന്  വ്യാപന ശേഷി കൂടുതലായതിനാലും ജില്ലയില്‍ രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു. ക്രിസ്തുമസ് - പുതുവത്സര  ആഘോഷ പരിപാടികളിലും അവധിക്കാല ആഘോഷങ്ങളിലും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന സാധ്യത ഉള്ളതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

കോവിഡ് പുതിയ വകഭേദങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന്  നിരീക്ഷിക്കുന്നതിനായി  ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ-ജനറല്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിജന്‍ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ആര്‍.ആര്‍.ടി യോഗം ചേരുകയും ആശുപത്രികളിലെ കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളുടെ അവലോകനവും നടത്തി. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 


എസ്.എം.എസ് മറക്കരുതേ...


*മാസ്‌ക് ശാസ്ത്രീയമായി വായും മൂക്കും മൂടത്തക്ക വിധം ധരിക്കണം. 

*സാനിറ്റൈസര്‍ ഉപയോഗിക്കാനും, ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും ശ്രദ്ധിക്കണം.

*പ്രായമായവരേയും അനുബന്ധരോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതല്‍ വേണം.

*കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. 


അശ്രദ്ധ പാടില്ല

*പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. സ്വയം ചികിത്സ അരുത് . എത്രയും പെട്ടന്ന് ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണ് . കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്.

*കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

No comments