Breaking News

കാസർകോട്‌, മാലോം, മണിക്കടവ്‌ തലശേരി അതിരൂപതയിൽ മൂന്ന് ഫൊറോനകൂടി വെള്ളരിക്കുണ്ട് ഫൊറോന വിഭജിച്ച് മാലോം സെന്റ് ജോർജ് പള്ളി കേന്ദ്രമാക്കിയാണ്‌ മാലോം ഫൊറോന


തലശേരി :തലശേരി അതിരൂപതയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ മൂന്ന് പുതിയ ഫൊറോനകൾകൂടി സ്ഥാപിക്കുന്നു. കാസർകോട്‌, മാലോം, മണിക്കടവ്‌ എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ്‌ ഫൊറോനകൾ സ്ഥാപിക്കുന്നത്‌. കാഞ്ഞങ്ങാട് ഫൊറോനയെ വിഭജിച്ച്‌ കാസർകോട്‌ സെന്റ് ജോസഫ് ദേവാലയം കേന്ദ്രമാക്കിയാണ്‌ പുതിയ ഫൊറോന. കാസർകോട്‌, ബദിയടുക്ക, പെർള, മുള്ളേരിയ, പൊയിനാച്ചി, ഹൊസങ്കടി, ദേലംപാടി, കുമ്പള എന്നീ ഇടവകകളാണ്‌ കാസർകോട്‌ ഫൊറോനയിൽ ഉൾപ്പെടുക. കാസർകോട്‌ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് വള്ളിമലയാണ്‌ ഫൊറോനയുടെ ആദ്യ വികാരി.
വെള്ളരിക്കുണ്ട് ഫൊറോന വിഭജിച്ച് മാലോം സെന്റ് ജോർജ് പള്ളി കേന്ദ്രമാക്കിയാണ്‌ മാലോം ഫൊറോന. മാലോം, കൊന്നക്കാട്, പറമ്പ, നാട്ടക്കൽ, പുഞ്ച, അതിരുമാവ് എന്നീ ഇടവക പള്ളികളും ആനമഞ്ഞൾ, ദർക്കാസ്, മാലോം ടൗൺ, അത്തിയടുക്കം, വട്ടക്കയം എന്നീ കുരിശുപള്ളികളും മാലോം ഫൊറോനയിൽ ഉൾപ്പെടും. മാലോം സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസഫ് വാരണത്തിനെ ആദ്യ വികാരിയായി നിയമിക്കും.
നെല്ലിക്കാമ്പൊയിൽ ഫൊറോനയെ വിഭജിച്ച് മണിക്കടവ് സെന്റ് തോമസ് ദേവാലയം കേന്ദ്രമാക്കി മണിക്കടവ് ഫൊറോനയാണ് മൂന്നാമത്തേത്‌. മണിക്കടവ്, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, കാലാങ്കി, മാട്ടറ, ആനറ, മണിപ്പാറ, മുണ്ടാനൂർ ഇടവകകളും വട്ടിയാന്തോട്, വെങ്ങലോട് എന്നീ കുരിശുപള്ളികളും പുതുതായി രൂപപ്പെടുന്ന മണിക്കടവ് ഫൊറോനയിൽ ഉൾപ്പെടും. മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ പ്രഥമ വികാരിയാകും. പുതിയ ഫൊറോനകൾ സ്ഥാപിച്ചുള്ള അതിരൂപത അധ്യക്ഷൻ ആർച്ച്‌ ബിഷപ്‌ ജോസഫ്‌ പാംബ്ലാനിയുടെ ഉത്തരവ് ജനുവരി ഒന്നിന്‌ ഫൊറോന കേന്ദ്രങ്ങളിൽ വായിക്കും. ഇതോടെ അതിരൂപതയിലെ ഫൊറോനകളുടെ എണ്ണം 19 ആയി.




No comments