Breaking News

റബ്ബർ വിലയിടിവ് ; പ്രത്യേക പാക്കേജ് 
 അനുവദിക്കണം: മന്ത്രി പി പ്രസാദ്


തിരുവനന്തപുരം : പ്രതിസന്ധിയിലായ റബർ കർഷകരുടെ സംരക്ഷണത്തിന്‌ അടിയന്തരമായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഘോയലിന് കൃഷിമന്ത്രി കത്തയച്ചു. സ്വാഭാവിക റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിമൂലം ആഭ്യന്തര ഉൽപ്പാദനത്തിൽ ഉണ്ടായ തകർച്ചയും ഉൽപ്പാദനക്ഷമതയിലുണ്ടായ ഇടിവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കത്തിൽ ചുണ്ടിക്കാട്ടി.


2011 ജനുവരിയിൽ 233 രൂപയായിരുന്ന ആർഎസ്‌എസ്‌ നാല്‌ സ്വാഭാവിക റബർ ഇപ്പോൾ 136 രൂപയിലെത്തി. സംസ്ഥാന സർക്കാരിന്റെ റബർ ഉൽപ്പാദന ഇൻസെന്റീവ് പദ്ധതിയാണ്‌ കർഷകർക്ക്‌ അൽപ്പമെങ്കിലും ആശ്വാസമാകുന്നത്‌. ഇത്‌ ചെറുകിട ഇടത്തരം കർഷകർക്ക് കിലോക്ക്‌ 170 രൂപ ഉറപ്പുനൽകുന്നു. ഉൽപ്പാദനച്ചെലവിന്‌ റബറിന് കണക്കിലെടുത്ത്‌ 250 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സംസ്ഥാനത്തെ റബർ കർഷകർക്ക് പ്രത്യേക സംരക്ഷണം വേണം. ആസിയൻ രാഷ്ട്രങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യപ്പെടുന്ന സ്വാഭാവിക റബറിന് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തണം. പ്രൊഡക്‌ഷൻ ഇൻസെന്റീവ് കുറഞ്ഞത് 250 രൂപയെങ്കിലും ആക്കുന്നതിനുള്ള ധനസഹായം നൽകണം. തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് ഹെക്ടറിന് 50,000 രൂപ ധനസഹായം നൽകണം. ചെറുകിട -ഇടത്തരം കർഷകരുടെ താൽപ്പര്യ സംരക്ഷണത്തിനായി നാഷണൽ റബർ പോളിസി രൂപീകരിക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചു.

തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാൽ മന്ദഗതിയിലായ സംസ്ഥാനത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് കേന്ദ്രത്തിൽനിന്നും പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.


No comments