Breaking News

ചായ്യോത്ത് കാർ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി 5 ഓട്ടോറിക്ഷകൾ തകർന്നു




ചായ്യോത്ത്: നിയന്ത്രണംവിട്ട വാഗണര്‍കാര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് പാഞ്ഞുകയറി അഞ്ച് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

ബുധനാഴ്ച്ച രാവിലെ  ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് വന്‍ദുരന്തം ഒഴിവായത്. ചായ്യോത്ത് നിന്നും മൂന്ന് റോഡിലേക്ക് പോകുന്ന റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്റിലാണ് അപകടം ഉണ്ടായത്. മൂന്ന്‌റോഡ് ഭാഗത്തുനിന്നും വന്ന കെ.എല്‍ 54 എം 6989 നമ്പര്‍ വാഗണര്‍കാറാണ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി  ദിനേശന്‍, രാജുമുടുപ്പ, കെ.പി.അനില്‍, രഞ്ജിത്ത്, രതീഷ് എന്നിവരുടെ ഓട്ടോറിക്ഷകൾ തകര്‍ത്തത്. ഇതില്‍ നാല് ഓട്ടോറിക്ഷകളുടെയും കാറിന്റെയും മുന്‍ഭാഗം പാടെ തകര്‍ന്നു. കെ.എല്‍ 60 ആര്‍ 4287, കെ.എല്‍ 60 ആര്‍ 1198, കെ.എല്‍ 60 ഡി 1939, കെ.എല്‍ 59 ഇ 3396 എന്നീ ഓട്ടോറിക്ഷകളാണ് തകര്‍ന്നത്. നിരവധി വിദ്യാര്‍ഥികള്‍ സാധാരണ ഈ സമയത്ത് റോഡിലും പരിസരങ്ങളിലും  ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ഥികള്‍ റോഡില്‍ നിന്നും പരിസരത്തുനിന്നും മാറിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ റിക്ഷക്ക് പുറത്താണ് ഉണ്ടായിരുന്നത്.  ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോറിക്ഷ തൊട്ടടുത്ത കടവരാന്തയിലേക്ക് മറിഞ്ഞു. കട തുറക്കാത്തതു കൊണ്ടും വന്‍ദുരന്തമാണ് ഒഴിവായത്.

No comments