Breaking News

നിറങ്ങൾ ചാലിച്ച്‌ "സമം' 
സാംസ്‌കാരികോത്സവം മുന്നാട് തുടങ്ങി ചിത്രകാര സംഗമം മുന്നാട്‌ 
ഇ എംഎസ് അക്ഷരഗ്രാമത്തിൽ ചൊട്ടയിൽ രാഘവൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു.


മുന്നാട്‌ : ജില്ലാ പഞ്ചായത്തും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സാംസ്കാരിക വകുപ്പും സംഘടിപ്പിക്കുന്ന ‘സമം’ സാംസ്കാരിക ഉത്സവത്തിന് മുന്നാട് തുടക്കമായി. ഇ എം എസ് അക്ഷരഗ്രാമത്തിൽ ചിത്രകാര സംഗമവും ചിത്രമെഴുത്തും മുതിർന്ന ചിത്രകാരൻ ചൊട്ടയിൽ രാഘവൻ നായർ ഉദ്ഘാടനംചെയ്തു. ഇ പത്മാവതി അധ്യക്ഷയായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്‌ എം ധന്യ, വൈസ് പ്രസിഡന്റ്‌ എ മാധവൻ, ഇ രാഘവൻ, എം അനന്തൻ, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 26 വരെ രണ്ട് വേദികളിലായി ഗസൽ, നാടകം, നാടൻ കലാ സംഗമം, ഗാനമേള, മെഗാഷോ എന്നിവ അരങ്ങേറും.
വെള്ളി രാവിലെ 10ന്‌ ‘സമത്വവും ലിംഗ പദവിയും’ വിഷയത്തിൽ സെമിനാർ ഡോ. സുജ സൂസൻ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. പകൽ മൂന്നിന്‌ പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ സാംസ്‌കാരിക ഘോഷയാത്ര. അഞ്ചിന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കേരള വനിത കമീഷൻ ചെയർമാൻ പി സതീദേവി പുരസ്‌കാരം നൽകും. രാത്രി ഏഴിന്‌ കോഴിക്കോട്‌ നാടകസംഘത്തിന്റെ ഫിദ നാടകം. തുടർന്ന്‌ അലോഷിയും ആവണി മൽഹാറും നയിക്കുന്ന ഗാനമേള.
പുരസ്‌കാര ദാനം ഇന്ന്
സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കുള്ള ‘സമം’ പുരസ്‌കാരം വെള്ളിയാഴ്‌ച സമ്മാനിക്കും. കോട്ടയം കലക്ടർ ഡോ. പി കെ ജയശ്രീക്കാണ്‌ ഭരണ മികവിനുള്ള അംഗീകാരം. പൊതുപ്രവർത്തന പുരസ്‌കാരം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ പത്മാവതിക്കാണ്‌.

പുസ്തകോത്സവം തുടങ്ങി
സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പുസ്‌തകങ്ങൾക്ക്‌ പത്തുമുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്‌. മുന്നാട് പീപ്പിൾസ് കോളേജിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളിലാണ് പുസ്‌തകോത്സവം.


No comments