Breaking News

'ചെറുകിട കെട്ടിടങ്ങൾക്ക് ഉടൻ പെർമിറ്റ് ലഭിക്കും, ഏപ്രിൽ ഒന്ന് മുതൽ പെർമിറ്റ് ഫീസ് വർധിപ്പിക്കും': എം ബി രാജേഷ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള ഫീസ് വർധിപ്പിക്കുമെന്നു മന്ത്രി എം ബി രാജേഷ്. എത്ര വർധനവുണ്ടാകുമെന്നതിൽ തീരുമാനമായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ഫീസ് കുറവാണെന്ന് ന്യായീകരിച്ചാണ് സർക്കാർ വർധന നടപ്പാക്കാൻ ഒരുങ്ങുന്നത്. അതേസമയം നഗരസഭകളിൽ വീടടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കാനുള്ള ഉദ്യോഗസ്ഥ തല പരിശോധന പൂർണമായും ഒഴിവാക്കി.ഇന്ധന സെസ്, വസ്തു നികുതി, മദ്യവില തുടങ്ങി ബജറ്റിലെ നികുതി വർധന നിർദേശങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കൂട്ടാനുള്ള സർക്കാർ തീരുമാനം. എത്ര രൂപ വർധിപ്പിക്കുമെന്നതിൽ വൈകാതെ ഉത്തരവിറങ്ങും. മറ്റ് സംസ്ഥാനങ്ങളിൽ ഫീസ് ഇനത്തിൽ സ്ക്വയർ മീറ്ററിന് ആയിരം രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ നഗരസഭകളിൽ ഇത് വെറും പതിനഞ്ച് രൂപാ മാത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വർധനയെ ന്യായീകരിക്കുന്നത്. Also

നഗരസഭാ, മുനിസിപ്പാലിറ്റി പരിധിയിൽ 300 ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റിന് നേരിട്ട് സ്ഥല പരിശോധന ഒഴിവാക്കാനും തദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയാൽ പെർമിറ്റ് ലഭിക്കും. അതേസമയം വർധനവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ധനകാര്യ മാനേജ്‌മെന്റിലെ പരാജയം സർക്കാർ നികുതി ഭാരമായി അടിച്ചേൽപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

No comments