Breaking News

16 വർഷത്തെ നിയമപോരാട്ടം; ചെറുവത്തൂർ വീരഭദ്രക്ഷേത്രത്തിന് 18.43 ഏക്കർ തിരിച്ചുകിട്ടി


ചെറുവത്തൂർ : പതിനാറ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചെറുവത്തൂർ വീരഭദ്രക്ഷേത്രത്തിന് 18 ഏക്കർ 43 സെന്റ് സ്ഥലം തിരിച്ചുകിട്ടി. വെള്ളരിക്കുണ്ട് താലൂക്കിൽ കിനാനൂർ വില്ലേജിൽ റി.സ. 304-ൽ ഹൊസ്ദുർഗ് സബ്‌കോടതി ഉത്തരവുപ്രകാരം ആമീന്റെ സാന്നിധ്യത്തിൽ സ്ഥലമളന്ന് അതിർത്തിയുണ്ടാക്കി.

2006-ൽ അന്നത്തെ ട്രസ്റ്റ് ചെയർമാൻ കെ.ആർ.കുഞ്ഞിരാമനാണ് ക്ഷേത്രഭൂമി തിരികെക്കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചത്. അനധികൃതമായി ദേവസ്വം ഭൂമി കൈവശംവെച്ചവരെ ഒഴിവാക്കി 235 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാൻ 2014-ൽ ഹൈക്കോടതി ഉത്തരവുണ്ടായി.

എന്നാൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ റവന്യൂ അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന് മുൻ ട്രസ്റ്റ് ചെയർമാൻ കെ.ആർ.കുഞ്ഞിരാമൻ പറഞ്ഞു.തുടർന്ന് 2017-ൽ അഡ്വ. എ.രാധാകൃഷ്ണൻ മുഖാന്തരം ഹൊസ്ദുർഗ് സബ്‌കോടതിയിൽ സമർപ്പിച്ച അന്യായത്തിലാണ് കഴിഞ്ഞദിവസം കിനാനൂർ വില്ലേജിലെ 18.43 ഏക്കർ സ്ഥലത്തെ അനധികൃത കൈയേറ്റം ഒഴിവാക്കി വീരഭദ്രക്ഷേത്രത്തിന് നൽകാൻ ഉത്തരവുണ്ടായത്. അന്നത്തെ ട്രസ്റ്റ് അംഗം പി.വി.പദ്മനാഭൻ, മലബാർ ദേവസ്വം അസി. കമ്മിഷണർ, എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവരും നിയമപോരാട്ടത്തിൽ മുൻ ചെയർമാനൊപ്പമുണ്ടായിരുന്നു.

6500 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്ന ദേവസ്വമാണ് ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം. അന്നത്തെ കാണാച്ചാർത്ത് നൽകിയാണ് ഭൂമി മുഴുവൻ അന്യാധീനമാക്കിയത്. 12 വർഷം കൂടുമ്പോൾ ഭൂമി തിരിച്ചെടുക്കാതെ പട്ടയം സമ്പാദിക്കാൻ അവസരമൊരുക്കുകയായിരുന്നു.


No comments