Breaking News

പാണത്തൂരിലെ ഗൃഹനാഥൻ്റെ കൊലപാതകം; ഭാര്യയെയും മകനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു


കാഞ്ഞങ്ങാട് : പാണത്തൂരില്‍ ഗൃഹനാഥനെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും മകനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.

പാണത്തൂര്‍ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ പി.വി. ബാബു (54) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സീമന്തനി (46), മൂത്ത മകന്‍ സബിന്‍ (19) എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് രാജപുരം പൊലീസ് അന്വേഷണ സംഘം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയില്‍ അപേക്ഷ നല്‍കി.

ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്‍, എസ്.ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കാസര്‍കോട് കോളേജിലെ ബി.എസ്.സി വിദ്യാര്‍ഥിയായ സബിന്‍ നേരത്തെ ജില്ല കോടതിയില്‍ പരീക്ഷയെഴുതാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

ജാമ്യം നിഷേധിച്ച കോടതി സബിന് പരീക്ഷയെഴുതാന്‍ അവസരം നല്‍കുകയും ചെയ്തു. സബിെന്റ പരിക്ഷമൂലം പൊലീസ് കസ്റ്റഡി ആവശ്യം വൈകിപ്പിക്കുകയായിരുന്നു. അതിനിടെ, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടും പുറത്ത് വന്നു. അടിയേറ്റ് പൊട്ടിയ വാരിയെല്ല് ഹൃദയത്തില്‍ തുളച്ച്‌ കയറിയതാണ് മരണ കാരണമെന്ന് വ്യക്തമായി. ഭാര്യയുമായുള്ള കലഹത്തിനിടയിലാണ് ബാബു കൊല്ലപ്പെട്ടത്.


തലക്കും കാലിലും ഉള്‍പ്പെടെ പരിക്കേല്‍പിച്ച മൂര്‍ച്ചയേറിയ മുഴുവന്‍ ആയുധങ്ങളും കണ്ടെത്തുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലാവശ്യപ്പെട്ടത്. പ്രതികളെ കൊല നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

No comments