Breaking News

എലത്തൂർ കേസ്; യുഎപിഎ ചുമത്തിയേക്കും, ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ സാധ്യത

  

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരികരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഷാരൂഖ് സെയ്ഫിയുടെ ഇന്നത്തെ രക്ത പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. അതേസമയം കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്താനും സാധ്യതയുണ്ട്. നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും.

രോഗ ബാധയിൽ കുറവുണ്ടെങ്കിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജാരാക്കി കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ മറിച്ചാണെങ്കിൽ വീഡിയോ കോൺഫറൻസിലൂടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. ഇന്നലെ ആശുപത്രിയിൽ വെച്ചും ഷാരൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഷാരൂഖ് സെയ്ഫിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോയെന്നത് എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളും പരിശോധിക്കുന്നുണ്ട്.

ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെ ഷാരൂഖ് സെയ്ഫി ബോധപൂർവം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇതിൽ ട്രെയിൻ പൂർണമായും ആക്രമിക്കുക എന്ന ഉദ്ദേശ്യമുണ്ട്. സ്ഫോടന സാധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ യുഎപിഎ കൂടി ചുമത്താമെന്നാണു നിയമോപദേശം. എന്നാൽ ഇക്കാര്യം അന്തിമമായി പറയാറായിട്ടില്ലെന്നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അഞ്ചുമണിക്കൂർ നീണ്ട സമഗ്ര പരിശോധനയാണ് ആശുപത്രിയിൽ നടന്നത്. ഷാരൂഖ് സെയ്ഫിയുടെ ശരീരത്തിലെ മുറിവുകളുടെയും പാടുകളുടെയും കാലപ്പഴക്കം ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. രത്നഗിരിക്കടുത്തുള്ള ഖേദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാൾക്ക് പരുക്ക് പറ്റിയെന്ന മൊഴി, തീവ്രവാദബന്ധമടക്കം സംശയിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഷാരൂഖ് സെയ്ഫിയെ അപായപെടുത്താൻ ആരെങ്കിലും ശ്രമിച്ചോയെന്നുള്ള ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്

No comments