Breaking News

എരിക്കുളം വയലിൽ മണ്ണെടുപ്പുത്സവം പുത്തൻകലത്തിനായി


നീലേശ്വരം : ഒരുവർഷത്തേക്ക് മൺകലമുണ്ടാക്കാനുള്ള മണ്ണെടുപ്പ് എരിക്കുളം നിവാസികൾ ഉത്സവാന്തരീക്ഷത്തിൽ ശേഖരിച്ചു. മേടം രണ്ടുമുതൽ 10 ദിവസമാണ് ഇവർ മണ്ണ് ശേഖരിക്കുന്നത്. വിഷുദിനത്തിൽ എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷമാണ് മണ്ണെടുപ്പ് ആരംഭിക്കുന്നത്.
എരിക്കുളം വയലിൽനിന്നാണ് ഒരുവർഷത്തേക്ക് മൺകലം നിർമിക്കാനുള്ള മണ്ണെടുക്കുന്നത്.
ഏരിക്കുളം വയൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ അധീനതയിലും സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതുമാണ് വയൽ. എന്നാൽ വയലിൽനിന്ന് മണ്ണെടുക്കുമ്പോൾ ആരോടും മണ്ണിന് പ്രതിഫലം വാങ്ങാറില്ല.
വയലിന്റെ ഒരുഭാഗത്തുനിന്ന് എടുക്കുന്ന മണ്ണിന് നിറത്തിലും ഗുണത്തിലും വ്യത്യാസം ഉണ്ടാവും. എടുക്കുന്ന മണ്ണ് കൂനരൂപത്തിൽ ശേഖരിക്കും.
മണ്ണെടുക്കുന്നതിനായി അഞ്ചുമീറ്ററോളം കുഴിക്കേണ്ടി വരും. വയലിൽനിന്ന് എടുക്കുന്ന മണ്ണ് വീടിനടുത്തുള്ള പ്രത്യേകം കുഴിയിൽ നിക്ഷേപിക്കും. ഈ മണ്ണ് ഒരു വർഷം വെയിലും മഴയും കൊണ്ടാൽ മാത്രമെ കലം ഉണ്ടാക്കാനുള്ള പാകത്തിലാവുകയുള്ളു.
പിന്നീട് കലം ഉണ്ടാക്കുന്നവർ സൗകര്യമനുസരിച്ച് കലമുണ്ടാക്കും. എന്നാൽ മെനക്കെട്ട് കലം ഉണ്ടാക്കിയാൽ അത് വിറ്റഴിക്കാൻ സംവിധാനമില്ല. വിൽക്കുന്ന കലത്തിന് മെച്ചപ്പെട്ട വേതനം ലഭിക്കാറില്ലെന്ന് എരിക്കുളത്തെ കലം നിർമാണതൊഴിലാളികൾ പറയുന്നു.


No comments