Breaking News

കാഞ്ഞങ്ങാട് പ്രവാസി വ്യവസായിയുടെ മൃതദേഹം 
 പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു


ബേക്കൽ : ദുരൂഹസാഹചര്യത്തിൽ മരിച്ച പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മൃതദേഹം ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്ത എം സി അബ്ദുൽ ഗഫൂറിന്റെ (55) മൃതദേഹമാണ് പൂച്ചക്കാട്‌ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽനിന്ന്‌ ബേക്കൽ പൊലീസ് പുറത്തെടുത്തത്.
തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാർ, ഇൻസ്പക്ടർ യു പി വിപിൻ എന്നിവരുടെ നേതൃത്വത്തിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് മൃതദേഹം പരിശോധിച്ചു. തുടർന്ന് അവിടെവച്ചാണ് പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ എസ് ആർ സരിതയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിലെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിക്കാൻ രണ്ടാഴ്ചയെടക്കുമെന്ന് പൊലീസ് സർജൻ അറിയിച്ചു. വിവരം അറിഞ്ഞ് പള്ളി പരിസരത്ത് നൂറുകണക്കിനാളുകളെത്തി.
എപ്രിൽ 14ന് പുലർച്ചെയാണ്‌ അബ്ദുൽ ഗഫൂറിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും സ്വാഭാവികമരണമെന്ന് കരുതിയതിനാൽ മൃതദേഹം പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
അബ്ദുൽ ഗഫൂർ കുടുംബാംഗങ്ങളിൽനിന്ന്‌ പലതവണയായി സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. ഇവ തിരിച്ചുവാങ്ങാൻ കുടുംബാംഗങ്ങളെത്തിയപ്പോഴാണ്‌ വീട്ടിൽ നിന്ന് 613 പവൻ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്‌. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകൻ അഹമ്മദ് മുസമിൽ ബേക്കൽ പൊലീസിൽ പരാതി നൽകി.
ഇതേത്തുടർന്ന് ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.


No comments