Breaking News

ജീവനാഡിയായ ചൈത്രവാഹിനിയും വറ്റി, കടുത്ത വരൾച്ചയിലേക്ക് നീങ്ങി മലയോരം


വെള്ളരിക്കുണ്ട്  : ചൈത്രവാഹിനിയുംവറ്റി. മലയോരം കടുത്ത വരൾച്ചയിലേക്ക്. മലയോരത്തെ പ്രധാന ജലസ്രോതസ്സാണ്  ചൈത്രവാഹിനി പുഴ.  കർണാടകത്തിൽനിന്നാരംഭിച്ച്  മലയോര പഞ്ചായത്തുകളായ ബളാൽ, വെസ്റ്റ്എളേരി എന്നിവയിലൂടെ ഒഴുകി കാര്യങ്കോട് പുഴയിൽ ലയിക്കുന്ന ചൈത്രവാഹിനിയിൽ കടുത്തവേനലിലും വെള്ളമുണ്ടായിരുന്നു.  ചൈത്രവാഹിനിയുടെ ഇന്നത്തെ അവസ്ഥ ദയനീയം.

ഒഴുക്ക് നിലക്കുകമാത്രമല്ല കയങ്ങൾ വരെ വറ്റിയിരിക്കുന്നു. പുഴയരികിലെ സ്ഥലങ്ങളിൽ ഉള്ള കുളങ്ങളും കിണറുകളും  വറ്റിവരണ്ടു. മലയോരം അടുത്ത കാലത്തൊന്നും ഇത്രയേറെ വരൾച്ച നേരിട്ടിട്ടില്ല. കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ജനങ്ങൾ അലക്കാനും കുളിക്കാനും അതിലേറെ പാടുപെടുന്നു. 

കാർഷിക മേഖലയിലും വർൾച്ച വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവ കരിഞ്ഞുണങ്ങാൻ തുടങ്ങി. സാധാരണ ലഭിക്കാറുള്ള വേനൽ മഴയും ലഭിക്കാത്തതിനാൽ കാർഷികമേഖലയുടെ നിലനിൽപ്പുതന്നെ നാശത്തിന്റെ വക്കിലാണ്.

കൊടുംചൂട് കാരണം  പലരും റബ്ബർ ടാപ്പിങ് നിർത്തി. കശുവണ്ടിയാകട്ടെ പൂവാകുബോഴേ കത്തികരിഞ്ഞതിനാൽ കശുവണ്ടി കർഷകരുടെ പ്രതീക്ഷയുംതകർന്നു.  പുല്ലിനും ക്ഷാമമായതിനാൽ  ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്.

No comments