Breaking News

ബേക്കൽ കോട്ടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേന്ദ്ര പുരാവസ്‌തു വകുപ്പ്‌


ഉദുമ : ബേക്കൽ കോട്ടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേന്ദ്ര പുരാവസ്‌തു വകുപ്പ്‌. ഇതിന്റെ ഭാഗമായി കേന്ദ്ര പുരാവസ്‌തുവകുപ്പ്‌ കേരള സർക്കിൽ സൂപ്രണ്ട്‌ കെ രാമകൃഷ്‌ണ റെഡ്ഡി ബേക്കൽ കോട്ട സന്ദർശിച്ചു. കോട്ടയ്ക്കുള്ളിലെ ഖനനം ചെയ്ത സ്ഥലങ്ങൾ സംരക്ഷിക്കുമെന്നും കോട്ടയെ മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയ്‌ക്കകത്തെ കുളങ്ങൾ ശുചീകരിച്ച്‌ പുനരുജ്ജീവിപ്പിക്കും. പുന്തോട്ടങ്ങൾ മനോഹരമാക്കും. കോട്ട ചുറ്റിക്കാണാൻ ബാറ്ററി വാഹനങ്ങൾ അനുവദിക്കും. കോട്ടയ്ക്കുള്ളിലെ വഴികളിൽ 200 മീറ്റർ ഡ്രെയിനേജാണ്‌ നിർമിക്കുന്നത്‌. സോളാർ ലൈറ്റുകളും സ്ഥാപിക്കും. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്‌ പുനാരംഭിക്കാനുള്ള നടപടിയുമുണ്ടാകും.
ആറുമാസത്തിനുള്ള അരക്കോടി രൂപയുടെ വികസന പ്രവർത്തനമാണ്‌ നടപ്പാക്കിയത്‌. അഞ്ചുവർഷം മുമ്പ്‌ തകർന്ന കൊത്തളം നന്നാക്കി.

കോട്ടമതിലും സൂപ്പറായി
ബേക്കൽ
കഴിഞ്ഞവർഷം കാലവർഷത്തിൽ തകർന്ന കോട്ടമതിൽ നന്നാക്കി. ശക്തമായ തിരമാലയിലാണ്‌ പടിഞ്ഞാറ് ഭാഗത്ത്‌ കടലിനോട്‌ ചേർന്ന കൊത്തളത്തിലേക്ക്‌ പോകുന്ന 400 വർഷം പഴക്കമുള്ള മതിലുകൾ തകർന്നത്‌. പൂർണമായും പഴയ രീതിയിൽ ചെങ്കല്ല് കെട്ടിയാണ്‌ പുനർനിർമിച്ചത്‌. അഞ്ചുവർഷംമുമ്പ്‌ തകർന്ന കോട്ടയുടെ കിഴക്കേഭാഗത്തുള്ള കൊത്തളവും കഴിഞ്ഞമാസം നന്നാക്കിയിരുന്നു. സിമന്റ് ഉപയോഗിക്കാതെ കല്ലുകെട്ടി മണ്ണുകുഴച്ച്‌ ചേർത്ത്‌ തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ്‌ പരമ്പരാഗത ശൈലിയിൽ പ്രവൃത്തി നടത്തിയത്‌. ചുണ്ണാമ്പ്, വെല്ലം, കടുക്ക, കള്ളിമുള്ള്, എം സാൻഡ്, താളി, കശുമാവ് പശ തുടങ്ങിയവ മിശ്രിതമാക്കിയാണ്‌ കല്ലുകെട്ടിയത്. ചെങ്കല്ല്, കുമ്മായം, വെല്ലം, കടുക്ക, എം സാൻഡ് എന്നിവ ഉപയോഗിച്ചു.


No comments