Breaking News

തേയിലക്കൊളുന്ത്‌ നുള്ളിയ ബാല്യത്തിൽ നിന്ന് കാസർഗോഡ് കളക്ടർ പദവിയിലേക്ക് .. ശ്രീലങ്കൻ അഭയാർഥികൾക്കിടയിൽനിന്നുള്ള ആദ്യത്തെ ഐഎഎസ് ഓഫീസറാണ് ഇമ്പശേഖർ


കാസർകോട്‌ : തമിഴ്‌നാട്‌ നീലഗിരിയിലെ പന്തല്ലൂർ പടച്ചേരിയിലെ തേയിലക്കൊളുന്ത്‌ നുള്ളിയ ബാല്യത്തിൽനിന്നാണ്‌ ഇമ്പശേഖർ (35) കാസർകോടിന്റെ കലക്ടറാകുന്നത്‌. നിലവിലെ കലക്ടർ ഭണ്ഡാരി സ്വാഗത്‌ രൺവീർ ചന്ദ്‌ ജല അതോറിറ്റി എംഡിയായി പോകുകയാണ്‌. രജിസ്‌ട്രേഷൻ ഐജിയായിരുന്ന ഇമ്പശേഖർ കോഴിക്കോട്‌, ഫോർട്ടുകൊച്ചി, തിരുവനന്തപുരം സബ്‌കലക്ടറുമായിരുന്നു.
കാസർകോട്ട്‌ വ്യാഴാഴ്‌ച ചുമതല ഏറ്റെടുത്തേക്കും.
ശ്രീലങ്കൻ അഭയാർഥികൾക്കിടയിൽനിന്നുള്ള ആദ്യത്തെ ഐഎഎസ് ഓഫീസറാണ് ഇമ്പശേഖർ. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് സർവതും കെട്ടിപ്പെറുക്കി നീലഗിരി കുന്നുകളിലെ തേയില തോട്ടങ്ങളിലെത്തിയവരാണ്‌ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. തയ്യൽ തൊഴിലാളിയായ കാളിമുത്തുവിന്റെയും തോട്ടം തൊഴിലാളിയായ ഭൂവതിയുടെയും മകൻ. നീലഗിരി പൊടച്ചേരി ഗ്രാമത്തിലാണിവർ.
നീലഗിരി, ഗൂഡല്ലൂർ സർക്കാർ സ്‌കൂളിലാണ്‌ ആദ്യം പഠിച്ചത്‌. കോയമ്പത്തൂർ കാർഷിക കോളേജിൽനിന്ന്‌ ബിരുദം. തുടർന്ന്‌ ഹൈദരാബാദിൽനിന്ന്‌ അഗ്രികൾച്ചർ ഇക്കണോമിക്സിൽ എംഎസ്‌സി ബിരുദം. പിന്നീട് ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായി. സിവിൽ സർവീസിൽ ആദ്യം ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസിലായിരുന്നു. ശാരീരിക അളവിൽ യോഗ്യത നേടാത്തതിനാൽ നിയമനം നടന്നില്ല. പിന്തിരിയാതെ പിന്നീട്‌ നടത്തിയ പരിശ്രമത്തിലാണ്‌ 439–ാം റാങ്കോടെ ഐഎഎസ്‌ പദവിയിലേക്ക്‌ എത്തിയത്‌.
ജീവിത ദുരിതങ്ങളുടെ കുട്ടിക്കാലത്തു നിന്ന്‌ പൊരുതി മുന്നേറിയാണ്‌ ഇമ്പശേഖർ കലക്ടർ പദവിയിലെത്തുന്നത്‌. അതൊരു പാഠമാണ്‌; പുതുതലമുറക്ക്‌ പാഠപുസ്‌തകവുമാണ്‌.


No comments