"പുതു തലമുറയുടെ വിദ്യാഭ്യാസം കടൽ കടക്കുമ്പോൾ.." ഈ ആഴ്ചത്തെ 'എഴുത്തിടം' പരമ്പരയിൽ അനിരുദ്ധ് ബിരിക്കുളം എഴുതിയ ലേഖനം വായിക്കാം
വെള്ളരിക്കുണ്ട്: പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തെക്കുറിച്ച് ചോദിച്ചാൽ കൂടുതൽ വിദ്യാർത്ഥികളും വിദേശത്ത് പോയി പഠിക്കണം എന്നാവും പറയുക. കഴിഞ്ഞ നാലോ അഞ്ചോ വർഷം കൊണ്ടാണ് വിദേശ വിദ്യാഭ്യാസത്തിന് ഇത്രത്തോളം പ്രാധാന്യം നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ കൈവന്നത്. എന്താണ് ഈ പ്രവണതക്ക് പിന്നിൽ എന്ന് ഒന്ന് പരിശോധിക്കാം.
പലരും ചോദിക്കുന്ന ചോദ്യം ഒന്ന് മുതൽ പന്ത്രണ്ട് ക്ലാസ്സ് വരെ സൗജന്യ വിദ്യാഭ്യാസം നേടിയിട്ട്, നിങ്ങളുടെ യവ്വനം മുഴുവൻ മറ്റൊരു രാജ്യത്തിന് സമർപ്പിക്കുന്നതിന്റെ ധാർമികത എന്താണ് എന്ന്. ഞാൻ തിരിച്ച് ചോദിക്കട്ടെ? നമ്മുടെ നാട്ടിൽ പ്ലസ് ടു പൂർത്തിയാക്കിയ ഒരു കുട്ടിക്ക് അവന്റെ അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാൻ കഴിയുന്ന ജോലി സാധ്യതയുള്ള എത്ര കോഴ്സ്സുകൾ നമ്മുടെ യൂണിവേഴ്സിറ്റികളിൽ ലഭ്യമാണ്. മാറുന്ന തൊഴിൽ മേഖലകൾക്കനുസരിച്ച് കോഴ്സ്സുകൾ പരിഷ്ക്കരിക്കാൻ എത്ര യൂണിവേഴ്സിറ്റികൾ തയ്യാറാകുന്നുണ്ട്. യാതൊരു തൊഴിൽ സാധ്യതയുമില്ലാത്ത ചില ഡിഗ്രി, പിജി കോഴ്സ്സുകളും, രാഷ്ട്രീയം നിയന്ത്രിക്കുന്ന കോളേജുകളും, പഠിപ്പിക്കാൻ പ്രത്യേക താല്പര്യമൊന്നുമില്ലാത്ത അദ്ധ്യാപകരും. വിദ്യാർത്ഥികളുടെ വർത്തമാന ഭാവി കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കാത്ത യൂണിവേഴ്സിറ്റികളുമൊക്കെ ഇതിന് കാരണക്കാരാണ്. അപ്പോൾ കൂടുതൽ പഠന നിലവാരവും പുതിയ കോഴ്സ്സുകളും ലഭിക്കുന്ന വിദേശത്തേക്ക് കുട്ടികൾ കൂടുതൽ ആകൃഷ്ടരാകും. ഇവിടെ ലഭിക്കുന്നതിനേക്കാൾ മൂല്യമുള്ളതും പ്രായോഗിക തലത്തിലുള്ളതുമായ വിദ്യാഭ്യാസം വിദേശത്തുനിന്ന് കിട്ടുന്നു എന്നതാണ് സത്യാവസ്ഥ. മാത്രമല്ല യുവാക്കൾ ഉയർന്ന വരുമാനവും അതോടൊപ്പം ലക്ഷ്യമിടുന്നു. ഇവിടെ ലഭിക്കുന്ന താഴ്ന്ന വരുമാനം ഒരു പരിധിവരെ മാതാപിതാക്കളെ യുവതിയുവാക്കളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നു. വിവാഹം കഴിഞ്ഞാൽ പോലും പലർക്കും മാതാപിതാക്കളെ ആശ്രയിക്കേണ്ടതായി വരുന്നു. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം വരുമാനത്തിലുള്ള വർദ്ധനവും ഒരു ആവശ്യകതയാണ്.
പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാഹചര്യം ഇവിടില്ല എന്നതാണ് മറ്റൊരു കാര്യം. വിദേശ യൂണിവേഴ്സിറ്റികളിൽ ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ക്ലാസ്സും ബാക്കി ദിവസങ്ങളിൽ പാർട്ട് ടൈം ജോലിയും ചെയ്യാൻ സൗകര്യമുണ്ട്. പക്ഷേ ഇവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ആഴ്ച്ചയിൽ ആറ് ദിവസം പഠിപ്പിച്ചാൽ തീരാത്ത അത്രയും വലിയ സിലബസ്സും വണ്ടിക്കൂലിക്കും എന്തിന് സുഹൃത്തുക്കളോടൊപ്പം ഒരു ചായ കുടിക്കണമെങ്കിൽ പോലും മാതാപിതാക്കളെ ആശ്രയിക്കേണ്ട ഗതികേടും. അത്യാവശ്യത്തിനുള്ള പണത്തിനായി സമയം കിട്ടുമ്പോൾ കുട്ടികൾ ഏതെങ്കിലും ജോലിക്ക് പോയാൽ അഭിമാനപ്രശ്നം പറഞ്ഞ് അവനെ വിലക്കുന്ന നാട്ടുകാരും ബന്ധുക്കളും. ഇതൊക്കെയും യുവതലമുറ നാട് വിടുന്നതിന് കാരണങ്ങളാണ്. പതിനെട്ട് വയസ്സ് തികഞ്ഞ കുട്ടികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള ഒരു സൗകര്യമൊരുക്കുകയും, അവർക്ക് താമസിക്കാൻ നഗരങ്ങളിൽ ചുരുങ്ങിയ വാടകക്ക് സംവിധാനമൊരുക്കുകയും ചെയ്യേണ്ടതാണ്.
സാമൂഹിക രാഷ്ട്രീയ മേഖലകളിലെ അരക്ഷിതാവസ്ഥയും. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിന്റെയും പേരിലുള്ള വേർതിരിവുകളും മറ്റൊരു കാരണമാണ്. എതിർ കക്ഷിയുടെ ഏത് പ്രവർത്തനത്തെയും നാടിന്റെ നന്മക്കോ തിന്മക്കോ എന്ന് നോക്കാതെ അടച്ചാക്ഷേപിക്കുകയും ജനങ്ങൾ മുഴുവൻ വിഡ്ഢികളാണ് എന്ന് വിചാരിച്ച് മാധ്യമങ്ങൾ വഴി കുപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ. ബഹിരകാശരംഗത്ത് പ്രൗഡഗംഭീരമായ നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ യശസ്സ് വാനോളമുയരുമ്പോൾ തന്നെ മണിപ്പൂർ പോലുള്ള സംഭവങ്ങളുടെ പേരിൽ ലോക രാജ്യങ്ങൾക്ക് മുൻപിൽ തല താഴ്ത്തേണ്ടി വരുന്നു.
മറ്റൊന്നാണ് പുതുതലമുറയുടെ നേരെ സാദാരചാരക്കൊടിയുമായിറങ്ങുന്ന നാട്ടുകാർ. ഇന്നത്തെ കാലത്ത് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് ഒരു കുടക്കീഴിൽ പോയാലോ, ഒരുമിച്ചിരുന്ന് ഒരു ചായ കുടിച്ചാലോ അതിനെ മറ്റൊരു കണ്ണിലൂടെ വീക്ഷിച്ച് സദാചാര വിചാരണ നടത്തുന്ന കുറേ മനുഷ്യർ. ഞങ്ങൾ ഇങ്ങനെ അല്ലായിരുന്നു അതുകൊണ്ട് നിങ്ങൾ അങ്ങനെ മതി എന്ന് വിചാരിക്കുന്നവർ. അവനവന്റെ മക്കളുടെ ഭാവി നോക്കാതെ അയല്പക്കത്തെ അടുക്കളയിലേക്ക് നോക്കുന്നവർ.
പുതിയ തലമുറയെ സമൂഹത്തിന്റെ ചങ്ങലകളിൽ നിന്നും എത്തിനോട്ടങ്ങളിൽ നിന്നും മോചിപ്പിക്കുക. കാലഹാരണപ്പെട്ട കോഴ്സ്സുകളും സിലബസ്സും മാറ്റി നവീനയുഗത്തിന് ആവശ്യമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പോലുള്ള കോഴ്സ്സുകൾ യൂണിവേഴ്സിറ്റികളിൽ തുടങ്ങുക. സംരഭങ്ങൾ തുടങ്ങുന്നവനെ പൂട്ടിക്കാൻ ശ്രമിക്കാതെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യം, ടൂറിസം പോലുള്ള മേഖലകൾ പരിഷ്ക്കരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അല്ലെങ്കിൽ കേരളത്തിൽ കോളേജുകൾ പൂട്ടുന്ന കാലം വിദൂരമല്ല.
എഴുത്ത്:
അനിരുദ്ധ് പി എസ്
പ്ലസ് ടു സ്റ്റുഡന്റ്
LCC എഡ്യൂക്കേഷൻ വെള്ളരിക്കുണ്ട്
No comments