വടക്കാകുന്ന് ക്വാറി വിരുദ്ധ സമരം 250 ദിനങ്ങൾ പിന്നിട്ടു തിരുവോണ നാളിലും സത്യാഗ്രഹ സമരവുമായി നാട്ടുകാർ
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ - ബളാൽ വില്ലേജുകളിൽ വടക്കാകുന്നിലെ വിവിധ ഭാഗങ്ങളിലായി വൻകിട ഖനന നീക്കങ്ങൾക്കും ക്രഷർ നിർമ്മാണത്തിനുമെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ കഴിഞ്ഞി അഞ്ചു വർഷത്തിലേറെയായി വിവിധ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ഇതിന്റെ ഭാഗമായി കഴിഞ്ഞ ഇരുന്നൂറ്റി അൻപത്തിരണ്ട് ദിവസമായി തുടർച്ചയായി രാവിലെ പത്ത് മണി മുതൽ അഞ്ച് മണിവരെ നടന്നു വരുന്ന സത്യാഗ്രഹ സമരം തിരുവോണ നാളിലും ജനങ്ങൾ ഏറ്റെടുത്തു, ഭരണാധികാരികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഉദ്യോഗസ്ഥരുമൊക്കെ ഉൾപ്പെടെ മലയാളികളാകെ ഓണാഘോഷതിമിർപ്പിലാണെങ്കിലും സ്വന്തം നാടിന്റെ നിലനിൽപ്പിനായുള്ള പോരാട്ടം പ്രദേശവാസികൾ ഒന്നടങ്കം അഭിമാനപൂർവ്വം ഏറ്റെടുത്തിയിരിക്കുകയാണ്, ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ ഖനന പ്രദേശത്ത് നിന്നും ക്രഷർ നിർമ്മാണ പ്രദേശത്തു നിന്നും ആരംഭിക്കുന്ന നീർച്ചാലുകൾ തടസ്സപ്പെട്ട് കടുത്ത കുടിവെള്ള ക്ഷാമം നേരിട്ടു തുടങ്ങി, നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളും നിയമ ലംഘനങ്ങളും ബോധ്യപ്പെട്ടുവെങ്കിലും അതിനെതിരെ നടപടികൾ സ്വീകരിക്കുന്നതിന് പകരം അവ പരിഹരിച്ച് നൽകുന്നതിനാവശ്യമായ ഇടപെടലുകളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നത്, ജില്ലാ കളക്ടർ ഉൾപ്പെടെ പ്രദേശം സന്ദർശിച്ച് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഭീകരതയും ബോധ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടാകാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്. നിയമ ലംഘനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും നിലനിൽക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടാൻ അധികൃതർ കൂട്ടുനിന്നാൽ സമരം ഓഫീസുകൾക്കു മുൻപിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.
No comments