വേൾഡ് ഡ്രാഗൺ ബോട്ട് റേസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി മലയോരത്തിന് അഭിമാനമായി ഭീമനടിയിലെ ശ്രീക്കുട്ടി സജീവൻ
വെള്ളരിക്കുണ്ട്: ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി ശ്രീക്കുട്ടി സജീവൻ മലയോരത്തിനും അഭിമാനമായി. തായ്ലൻഡ് പട്ടായയിൽ നടക്കുന്ന 16മത് വേൾഡ് ഡ്രാഗൺ ബോട്ട് റേസിങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ അഭിമാനമായ ശ്രീക്കുട്ടി വെങ്കല മെഡൽ നേടിയത്. 200മീറ്ററിൽ അണ്ടർ 24 വിഭാത്തിലാണ് മെഡൽ നേട്ടം. പയ്യന്നൂർ നാഷണൽ കോളേജിൽ ഡിഗ്രി വിദ്യാർഥിയാണ്. വരക്കാട് വള്ളിയോടൻ കേളു നായർ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിൽ പഠിക്കവെ വോളിബോൾ താരമായിരുന്ന ശ്രീക്കുട്ടി സ്പോട്സ് സ്കൂളിൽ സെലക്ഷൻ കിട്ടിയതോടെയാണ് വാട്ടർ സ്പോട്സിലേക്ക് ചുവട് മാറിയത്. സ്പോട്സ് കൗൺസിലിന്റെ കീഴിൽ2018,19 വർഷം സ്പോട്സ് ഹോസ്റ്റലിൽ കൊല്ലത്തും, 2020,21വർഷം ആലപ്പുഴയിലുമായിരുന്നു പരിശീലനം. കയാക്കിങ്ങിൽ നിരവധി അംഗീകാരം നേടിയ ഈ മിടുക്കി ദേശീയ മീറ്റിൽ നാല് വെങ്കലവും, സംസ്ഥാന തലത്തിൽ രണ്ട് വെള്ളി മെഡലും നേടിയിട്ടുണ്ട്. ആദ്യമായാണ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ദേശീയ മീറ്റിന് മുന്നോടിയായി കൊല്‍ക്കത്ത ഇക്കോ പാർക്കിലായിരുന്നു പരിശീലനം .കെ എസ് റെജിയാണ് ഇപ്പോഴത്തെ കോച്ച്. ഭീമനടി ടൗണിലെ ആദ്യകാല ടാക്സി ഡ്രൈവറായിരുന്ന പരേതനായ ടി വി സജീവന്റെയും കാലിക്കടവിലെ ക്ഷീരകർഷക സീമ സജീവന്റെയും മൂത്തമകളാണ് ഈ മിടുക്കി. സഹോദരി ആതിര സജീവൻ ബിഎച്ച്സി വിദ്യാർഥിയാണ്.
No comments