Breaking News

വനം വകുപ്പിന് കർഷകരുടെ കത്തുന്ന മറുപടി ; വെള്ളരിക്കുണ്ടിൽ തുടരുന്ന കർഷകസ്വരാജ് സത്യാഗ്രഹപന്തലിന് മുമ്പിൽ വെച്ചാണ് കർഷകർ വനം വകുപ്പിൻ്റെ മറുപടികൾ കത്തിച്ചുകൊണ്ട് പ്രതിഷേധസമരം നടത്തിയത്


വെള്ളരിക്കുണ്ട് : മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകളിൽ ഹെൽപ്പ് ഡസ്കുകൾ സ്ഥാപിച്ച് ജനങ്ങളിൽ നിന്ന് സ്വീകരിച്ച പരാതികൾക്ക്  നൽകിയ  മറുപടികൾ ശക്തമായ കർഷക പ്രതിഷേധത്തിന് തിരികൊളുത്തുന്നു. വെള്ളരിക്കുണ്ടിൽ സ്വാതന്ത്ര്യദിനം മുതൽ തുടരുന്ന കർഷകസ്വരാജ് സത്യാഗ്രഹപന്തലിന് മുമ്പിൽ കർഷകർ വനം വകുപ്പിൻ്റെ മറുപടികൾ കത്തിച്ചു. 200 ചേന നട്ടതിൽ 50 ചേന കാട്ടുപന്നി നശിപ്പിച്ചു എന്ന് കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തിയതിൻ്റെ പിറ്റേന്ന് ബാക്കി ചേനയും നഷ്ടപ്പെട്ടിട്ടും വനം വകുപ്പ് 165 രൂപാ നഷ്ടപരിഹാരം നൽകി പരിഹസിച്ച മുതിർന്ന കർഷകൻ ജീരകത്തിൽ വർഗീസാണ് ആദ്യം മറുപടിക്ക് തീ കൊളുത്തിയത്. ആ അഗ്നിയിൽ നിന്ന് നിരവധി കർഷകർ തങ്ങൾക്കു കിട്ടിയ മറുപടികളിലേക്കും തീ പകർന്നു.

കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ 79-ാം ദിവസമായ കേരളപ്പിറവി ദിനത്തിൽ ഇൻഫാം തലശ്ശേരി കാർഷിക ജില്ലാ നേതാക്കളും പ്രവർത്തകരുമെത്തി സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചു. ഇൻഫാം മുൻ ദേശീയ അദ്ധ്യക്ഷൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ഫെറോന വികാരി ഡോ. ജോൺസൻ അന്ത്യാ കുളം അദ്ധ്യക്ഷത വഹിച്ചു. സ്കറിയാ നെല്ലൻകുഴി, ഗിരി മാത്യു, സണ്ണി തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ മാജൂഷ് മാത്യം ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം തുടങ്ങിയവരുടെ നേതൃത്വത്തിൽ കർഷക കോൺഗ്രസ്സ് പ്രവർത്തകർ സമരത്തിന് അഭിവാദ്യമർപ്പിക്കാനെത്തി. കർഷകരെ വന്യമൃഗങ്ങൾക്ക് ഇരയാക്കാൻ വിട്ടുനൽകുന്ന സർക്കാർ നടപടിയെ അഡ്വ മാജൂഷ് രൂക്ഷമായി വിമർശിച്ചു. ഇൻഫാമിൻ്റെയും കർഷക കോൺഗ്രസ്സിൻ്റെയും പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് മറുപടി കത്തിക്കൽ സമരം നടന്നത്.

No comments