ഭാര്യയെയും ഇളയമ്മമാരെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് 7 വർഷം കഠിന തടവും ₹1 ലക്ഷം പിഴയും
ഭർത്താവിന്റെ ഉപദ്രവം മൂലം ഭാര്യ ഇളയമ്മമാരോടൊപ്പം താമസിച്ചിരുന്ന സംഭവത്തിൽ വിരോധം വെച്ച് ഭാര്യയെയും ഇളയമ്മമാരെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് കർശന ശിക്ഷ. കാസർഗോഡ് അഡീഷണൽ ജില്ലാ & സെഷൻസ് കോടതി–III, ബഹുമാനപ്പെട്ട അചിന്ത്യ രാജ് ഉണ്ണി യാണ് പ്രതിയെ വിവിധ ഐ.പി.സി വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
ഐ.പി.സി 307 (കൊലപാതകശ്രമം) പ്രകാരം 7 വർഷം കഠിന തടവും ₹1 ലക്ഷം പിഴയും, ഐ.പി.സി 324 പ്രകാരം 1 വർഷം കഠിന തടവും ₹5,000 പിഴയും, ഐ.പി.സി 452 പ്രകാരം 3 വർഷം കഠിന തടവും ₹25,000 പിഴയും അടക്കമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അധികമായി 6 മാസം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2019 മെയ് 21ന് രാത്രി 11.30 ഓടെ, പണിയാൻ ഗ്രാമത്തിലെ “തോണിക്കടവ് കായക്കുന്നു” എന്ന സ്ഥലത്ത്, പ്രതിയായ ദാമോദരൻ ഭാര്യ നിർമലയുമായി ഉണ്ടായ കുടുംബവിരോധത്തിന്റെ പശ്ചാത്തലത്തിൽ, നിർമല താമസിച്ചിരുന്ന ഇളയമ്മമാരായ നാരായണി, ചെറിയോൾ എന്നിവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി. കൈവശം വാക്കത്തിയും സ്റ്റീൽ കത്തിയും എടുത്ത്, ഭാര്യയെയും ഇളയമ്മമാരെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. നാരായണിയുടെ കഴുത്തിനും ഇരുകൈകൾക്കും വാക്കത്തി കൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയും, തടയാൻ ശ്രമിച്ച രണ്ടാം സാക്ഷിക്ക് ഇടത് കൈ തണ്ട, വലത് കവിൾ, വലത് കൈപ്പത്തി എന്നിവിടങ്ങളിൽ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയുമായിരുന്നു.
ബേക്കൽ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 235/2019 ആയി, ഐ.പി.സി 452, 324, 326, 307 വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ബേക്കൽ സബ് ഇൻസ്‌പെക്ടർ ശ്രീഹരി കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആദ്യ അന്വേഷണം ഇൻസ്‌പെക്ടർ വി.വി. ലതീഷ് നടത്തിയതും, തുടർന്ന് ഇൻസ്‌പെക്ടർ പി. നാരായണൻ അന്വേഷണം പൂർത്തിയാക്കി എസ്.സി. 635/19 ആയി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതുമാണ്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി., അഡ്വ. അമ്പിളി എന്നിവർ ഹാജരായി. സാക്ഷിമൊഴികളും തെളിവുകളും പരിഗണിച്ച ശേഷമാണ് കോടതി കർശന ശിക്ഷ വിധിച്ചത്.
------------------------------------------------
മയക്കുമരുന്ന് കേസ്:
10.700 ഗ്രാം മെത്തഫെറ്റാമിനുമായി പിടിയിലായ
പ്രതിക്ക് 3 വർഷം കഠിന തടവും ₹50,000 പിഴയും.
-------------------------------------------------
അനധികൃത വിൽപ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ഒന്നാം പ്രതിക്ക് കർശന ശിക്ഷ. കാസർഗോഡ് അഡീഷണൽ ജില്ലാ & സെഷൻസ് കോടതി (III) യിലെ ബഹുമാനപ്പെട്ട ജഡ്ജി അചിന്ത്യ രാജ് ഉണ്ണി യാണ് പ്രതിയായ നിസാമുദീൻ പി.പി. (36/25), S/o സുഹറ, പുതിയ പുരയിൽ, ഇഖ്ബാൽ നഗർ, കൊളവയൽ, കാഞ്ഞങ്ങാട് എന്നയാളെ 3 വർഷം കഠിന തടവിനും ₹50,000 പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാം പ്രതിയായ അൽത്താഫ് സി.എച്ച്. (28/26), S/o അബ്ദുൽ റഹ്മാൻ, കൊളവയൽ, കാഞ്ഞങ്ങാട് എന്നിവരെ കോടതി വെറുതെ വിട്ടു.
2022 ഓഗസ്റ്റ് 1-ാം തീയതി പുലർച്ചെ 1.30 മണിയോടെ, ഹോസ്ദുർഗ് താലൂക്കിലെ കീക്കാൻ വില്ലേജിൽ ചേറ്റുകുണ്ട് എന്ന സ്ഥലത്ത്, കെ.എസ്.ടി.പി റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബസ് വെയിറ്റിംഗ് ഷെഡിനടുത്തുള്ള പൊതുസ്ഥലത്ത് വെച്ചാണ് സംഭവം. യാതൊരു നിയമപരമായ രേഖകളും ഇല്ലാതെ, അനധികൃത വിൽപ്പനയ്ക്കായി 10.700 ഗ്രാം മെത്തഫെറ്റാമിൻ കൈവശം വെച്ചിരുന്ന ഒന്നാം പ്രതിയെ ബേക്കൽ പോലീസ് സ്റ്റേഷനിലെ എം. രജനീഷും സംഘവും പിടികൂടുകയായിരുന്നു.
തുടർന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, അമ്പലത്തറ എസ്.എച്ച്.ഒ ആയിരുന്ന മുകുന്ദൻ ടി.കെ. സംഭവസ്ഥലത്തെത്തി പ്രതിയുടെ ദേഹപരിശോധന നടത്തുകയും, അതിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതും.
ബേക്കൽ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 579/22 ആയി, എൻ.ഡി.പി.എസ് ആക്ട് 8(c), 22(b), 27(A) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസിലെ ആദ്യ അന്വേഷണം ബേഡകം ഇൻസ്‌പെക്ടർ ടി. ദാമോദരൻ നടത്തിയതും, തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ യു.പി. അന്വേഷണം പൂർത്തീകരിച്ച് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതുമാണ്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി., അഡ്വ. അമ്പിളി എന്നിവർ ഹാജരായി. സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തിയ ശേഷമാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
No comments