വനിതാസംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്ത് പരാജയപ്പെടുത്തിയ പ്രതിപക്ഷപാർട്ടികളുടെ നടപടി പ്രതിഷേധാർഹം ; ബിജെപി
കാസർകോട്: വനിതാസംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്ത് പരാജയപ്പെടുത്തിയ പ്രതിപക്ഷപാർട്ടികളുടെ നടപടി പ്രതിഷേധാർഹവും സ്ത്രീവിരുദ്ധ മനോഭാവത്തിന് പ്രത്യക്ഷ ഉദാഹരണവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. ബിജെപി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അശ്വിനി. രാജ്യത്തെ സ്ത്രീജനങ്ങളോടുള്ള വഞ്ചനയും പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവവുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കപ്പെട്ട, സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ അടയാളപ്പെടുത്തേണ്ടിയിരുന്ന ഏപ്രിൽ 16, 17 തീയതികളിൽ പാർലമെന്റിനു അകത്തും പുറത്തും രാജ്യവിരുദ്ധ - സ്ത്രീവിരുദ്ധ നിലപാടുകളും പരാമർശങ്ങളുമാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ബാലാക്കോട്ട്, ഓപ്പറേഷൻ സിന്ദൂർ എന്നീ സംഭവങ്ങളെ ജാലവിദ്യ എന്നാണ് കോൺഗ്രസിന്റെ മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പരാമർശിച്ചത്. വനിതാ സംവരണ ബിൽ പാസായാൽ ജനാധിപത്യം അവസാനിക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത്. കനിമൊഴി ആകട്ടെ, മമതാ ബാനർജി ആകട്ടെ പ്രതിപക്ഷത്തെ പ്രമുഖ വനിതാ നേതാക്കൾ പോലും സ്ത്രീസമൂഹത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത് നിലവിലെ നാരി ശക്തി വന്ദൻ നിയമപ്രകാരം 2026 സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷമേ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഈ പ്രക്രിയകൾക്ക് സമയമെടുക്കുമെന്നതിനാൽ, 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനാണ് ഈ പുതിയ ബില്ലുകൾ കൊണ്ടുവന്നത്. 100 ശതമാനം സാക്ഷരതയും സ്ത്രീസമത്വവും പുരോഗമനവും അവകാശപ്പെടുന്ന കേരളത്തിൽ നിന്നും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നത് കേരളം മാറി മാറി ഭരിച്ച കോൺഗ്രസ്, സിപിഎം പാർട്ടികളുടെ സ്ത്രീ വിരുദ്ധ നിലപാടിന് പ്രത്യക്ഷ ഉദാഹരണമാണ് അവർ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത,കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ എം. ജനനി, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി ജില്ലാ സെക്രട്ടറിയുമായ അശ്വിനി കെ.എം, കുമ്പടാജെ ഞ്ചായത്ത് പ്രസിഡന്റ് യശോദ എൻ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രേമലത എസ്, അനിതാ നായിക്, മധൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും ജില്ലാ സെക്രട്ടറിയുമായ പുഷ്പ ഗോപാലൻ, ജില്ലാ ട്രഷറർ വീണ അരുൺ കുമാർ ഷെട്ടി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി എന്നിവരും സംബന്ധിച്ചു.
No comments