Breaking News

117 -ാം ജന്മദിനം ആഘോഷമാക്കി എഥൽ മുത്തശ്ശി, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി


തൻ്റെ 117-ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ നിലവിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി എഥൽ കേറ്റർഹാം. യുകെയിലെ സറെയിലുള്ള ലൈറ്റ്‌വാട്ടറിലെ ഹാൾമാർക്ക് ലേക്ക്‌വ്യൂ കെയർ ഹോമിൽ വെച്ച് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു ജന്മദിനാഘോഷം. 116 -ാം വയസ്സിൽ അന്തരിച്ച ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കനാബറോ ലൂക്കാസിൻ്റെ വേർപാടിനെ തുടർന്ന് 2025 ഏപ്രിലിലാണ് എഥൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.

ചരിത്ര സംഭവങ്ങൾക്ക് സാക്ഷി

ബിബിസി റിപ്പോർട്ട് അനുസരിച്ച്, ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പും ജനിച്ച എഥൽ, രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബ്രിട്ടനിലെ എഡ്വേർഡ് ഏഴാമൻ രാജാവിൻ്റെ ഭരണകാലത്ത് ജനിച്ചവരിൽ നിലവിൽ ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയും ഇവരാണ്. ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിഞ്ചർ സ്വദേശിയായ എഥൽ, എട്ട് മക്കളിൽ രണ്ടാമത്തെ ഇളയ കുട്ടിയായാണ് ജനിച്ചത്. വിൽറ്റ്‌ഷെയറിലെ ടിഡ്‌വർത്തിലാണ് അവർ വളർന്നത്. 1927-ൽ തൻ്റെ കൗമാരപ്രായത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്ത അവർ, ഒരു സൈനിക കുടുംബത്തിൽ കുട്ടികളെ പരിചരിക്കുന്ന സഹായിയായി ജോലി ചെയ്തു.

സമ്പന്നമായ ജീവിതവഴി

1931-ൽ യുകെയിൽ വെച്ച് നടന്ന ഒരു അത്താഴവിരുന്നിലാണ് എഥൽ തൻ്റെ ഭർത്താവും ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനൻ്റ് കേണലുമായിരുന്ന നോർമാനെ കണ്ടുമുട്ടുന്നത്. പിന്നീട് ഹോങ്കോങ്ങിലേക്ക് മാറിത്താമസിച്ച ഇരുവരും അവിടെ ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു. പിന്നീട്, ബ്രിട്ടനിലേക്ക് മടങ്ങിയ അവർക്ക് രണ്ട് പെൺമക്കളുണ്ടായി (രണ്ടുപേരും പിന്നീട് മരണപ്പെട്ടു). 1976-ലായിരുന്നു ഭർത്താവിൻ്റെ മരണം. നിലവിൽ എഥലിന് മൂന്ന് കൊച്ചുമക്കളും അഞ്ച് കൊച്ചുമക്കളുടെ മക്കളുമുണ്ട്.


No comments