പുഴയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ അശോകന്റെ ഒറ്റയാൾ പോരാട്ടം മുക്കട തേജസ്വിനിയിൽ നിന്ന് വൻതോതിൽ ജലം ഊറ്റാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം
പെരിങ്ങോം : തേജസ്വിനി പുഴയെ വൻതോതിൽ ജലം ഊറ്റിയെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. മുക്കട കേന്ദ്രീകരിച്ച് തേജസ്വിനി പുഴയിൽ നിന്ന് വെള്ളം ശേഖരിച്ച് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലേക്കും കാസർഗോഡ് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതി യാഥാർഥ്യമായാൽ പ്രതിദിനം രണ്ട് കോടി ലിറ്റർ വെള്ളമാണ് തേജസ്വിനിയിൽ നിന്ന് ഊറ്റിയെടുക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്ന് കോടി ലിറ്ററിലധികമായി ഉയരുമെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ നീരൊഴുക്കിന് താങ്ങാനാകാത്ത തരത്തിൽ ജലം ഊറ്റിയെടുക്കുന്നത് തേജസ്വിനി പുഴയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും തീരദേശ മേഖലകളിലും കുന്നിൻചെരിവുകളിലും കടുത്ത ജലക്ഷാമത്തിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.
പാലായി ഷട്ടർ കം ബ്രിഡ്ജ് നിലവിലുണ്ടായിട്ടും വേനൽക്കാലത്ത് തേജസ്വിനിയിൽ വളരെ കുറച്ച് വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ വൻതോതിൽ ജലം പമ്പ് ചെയ്യുന്നത് ഗുരുതരമായ പ്രതിസന്ധിക്ക് വഴിവെക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. 422 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒറ്റയാൾ സമരങ്ങളിലൂടെ ശ്രദ്ധേയനായ അശോകൻ പെരിങ്ങാര രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പൈപ്പിനുള്ളിൽ ഉപവാസമിരുന്ന് പ്രതിഷേധിച്ചു. അശോകന്റെ സമരത്തിന് വലിയ ജനപിന്തുണയും ഐക്യദാർഢ്യവും ലഭിച്ചു.
പള്ളിപ്പാറയിൽ നിർമിക്കുന്ന ജലസംഭരണിയുടെ നിർമാണം ഉൾപ്പെടെ തടയുന്നതിനായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. തേജസ്വിനി പുഴയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പദ്ധതിക്കെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർത്തുമെന്നും നാട്ടുകാർ ഒന്നടങ്കം വ്യക്തമാക്കി.
“പുഴ മരിച്ചാൽ നാടും മരിക്കും; തേജസ്വിനിയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും” എന്ന നിലപാടിലാണ് നാട്ടുകാർ.
No comments