ലോറി ദുരന്തത്തിൽ മാവുങ്കാൽ സ്വദേശി ദാരുണമായി മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി...
കാഞ്ഞങ്ങാട്പിലാത്തറ ലോറി ദുരന്തത്തിൽ മാവുങ്കാൽ സ്വദേശി ദാരുണമായി മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മാവുങ്കാൽ മൂലക്കണ്ടം കൃപാലയത്തിൽ ഇബനൈസർ ആന്റോ (20) ആണ് മരിച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് ഷെബി(22)നും അപകടത്തിൽ മരിച്ചിരുന്നു. തിങ്കൾ പുലർച്ചെ പിലാത്തറ -പാപ്പിനിശേരി കെഎസ്ടിപി റോഡിൽ മണ്ടൂരിലാണ് അപകടം സംഭവിച്ചത്. ഇബനൈസർ ആന്റോയും മുഹമ്മദ് ഷെബിനും പെരിയ ഭാരത് ബെൻസിലെ ജീവനക്കാരാണ്. പഴയങ്ങാടിയിൽനിന്നും തടി കയറ്റിവന്ന ലോറി തകരാറിലായതിനെ തുടർന്ന് രണ്ടു ദിവസമായി റോഡരികിൽ
നിർത്തിയിട്ടിരുന്നു. ലോറി നന്നാക്കാനാണ് രണ്ടു പേരും പിലാത്തറയിൽ മറ്റൊരു വാഹനത്തിൽ എത്തിയത്. ലോറിയുടെ കാബിനിൽ രണ്ടു പേരും പണിയെടുക്കുന്നതിനിടെ പിലാത്തറ ഭാഗത്ത് നിന്ന് സിമന്റ് കയറ്റി വന്ന ബൾക്കർ ലോറി തടി ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഷെബിൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഇബനൈസർ കാബിനിൽ കുടുങ്ങുകയും ചെയ്തു. ഇതിനിടെ രണ്ട് ലോറികൾക്കും തീ പിടിച്ചു. ഫയർ ഫോഴ്സ് എത്തി ഇബനൈസറിനെ പുറത്തെടുത്തെങ്കിലും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹമാണ് ലഭിച്ചത്. മാവുങ്കാൽ മൂലക്കണ്ടത്ത് ഇബനൈസറും അമ്മ വി പി വിനോദിനിയും മാത്രമാണ് താമസം. വിനോദിനി മുൻപ് ആയുർവേദ മരുന്നുകൾ വില്പന നടത്തിയിരുന്നു. ഏക മകൻ ഇബിനൈസിനെ ആശ്രയിച്ചായിരുന്നു വിനോദിനിയുടെ ജീവിതം. മകൻ മരിച്ചതോടെ ഇവർ അനാഥയായി.
No comments