മരണത്തിലും ഒന്നായി ... ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ തളർന്നു വീണ ഭർത്താവും മരിച്ചു
കാസർകോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ തളർന്നു വീണ ഭർത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ.ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണു മരിച്ചത്. മണിക്കൂറുകളുടെ ഇടവേളയിലാണ് മരണം. ഇവരുടെ മകനും കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വിട്ടിലാണു സംഭവം.
വാർധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് ഗിരിജാദേവി അന്തർജനം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണു മരിച്ചത്. ഭാര്യ മരിച്ച വിവരം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണു ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്. തുടർന്നു ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച അർധരാത്രിയോടെ പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. മരുമകൾ: രോഹിണി കെ.പോറ്റി (അസി.പ്രഫസർ, ഗവ. കോളേജ്, കാസർകോട്).
No comments