വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തിൽ നിന്നു സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട ദമ്പതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ
ഇന്നലെ (വ്യാഴം) ഉച്ചക്ക് ഏഴിലോട്, പുറച്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. പുറച്ചേരിയിലെ സരോജിനിയുടെ ഒന്നരപ്പവൻ മാലയാണ് ബൈക്കിലെത്തിയ അർജുനും ഭാര്യയും പൊട്ടിച്ചോടിയതെന്നു പൊലീസ് പറഞ്ഞു. ആശുപ്രതിയിൽ പോയി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു സരോജിനി. വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിക്കു സമീപത്തു ബൈക്ക് നിർത്തിയാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഉടൻ പൊലീസിൽ പരാതി നൽകി. പൊലീസെത്തി പ്രദേശത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇതിനിടയിൽ അർജുന്റെ പിതാവ് പരിയാരം പൊലീസ് സ്റ്റേഷനിലെ പരിചയക്കാരനായ ഒരു എസ് ഐയെ ഫോൺ ചെയ്തിരുന്നു. ഒരു മൊബൈൽ ഫോൺ ഷോപ്പിൽ നിന്നു ഫോൺ വിളിച്ച് മകന്റെ ഫോണിന്റെ ഇ എം ഐ അടച്ചിട്ടില്ലെന്നും ഫോൺ പിടിച്ചെടുക്കുമെന്നും അറിയിച്ച കാര്യം പറയാനാണ് എസ് ഐയെ വിളിച്ചത്. സംശയം തോന്നിയ പൊലീസ് മൊബൈൽ ഫോൺ ഷോപ്പ് കണ്ടെത്തി. അവിടെ എത്തിയപ്പോൾ ഏതാനും സമയം മുമ്പ് അർജ്ജുൻ ഇ എം ഐ അടച്ചതായി മനസ്സിലായി. സി സി ടി വിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ കടയുടമയെ കാണിച്ച് ഇയാളാണോ പണം അടച്ചതെന്നു ചോദിച്ചു. ആണെന്നായിരുന്നു കടയുടമ മറുപടി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുനും ഭാര്യയും അറസ്റ്റിലായത്.
സരോജിനിയുടെ കഴുത്തിൽ നിന്നു പൊട്ടിച്ചെടുത്ത മാലയുമായി അർജുനും ഭാര്യയും പയ്യന്നൂരിലാണ് എത്തിയത്. ഒരു ധനകാര്യ സ്ഥാപനത്തിൽ മാല വിറ്റ് ലഭിച്ച പണവുമായാണ് അർജുൻ മൊബൈൽ ഫോൺ ഷോപ്പിൽ പോയത്. കടബാധ്യതയാണ് മാല പൊട്ടിക്കാൻ ഇടയാക്കിയതെന്നു അർജുൻ പൊലീസിനു മൊഴി നൽകി.
No comments