Breaking News

ഇനിയും ശാപമോക്ഷം കിട്ടാത്ത കാലിച്ചാമരം–പരപ്പ റോഡ്; ജനരോഷം ശക്തമാകുന്നു


പരപ്പ: കാസർകോട് ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കാലിച്ചാമരം–പരപ്പ റോഡ് അധികൃതരുടെ വർഷങ്ങളായുള്ള അവഗണനയെ തുടർന്ന് തകർന്ന നിലയിൽ. ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള ഈ റോഡിൽ 1960ഓടെ തന്നെ ബസ് സർവീസ് ഉൾപ്പെടെയുള്ള ഗതാഗതം ആരംഭിച്ചിരുന്നുവെങ്കിലും, തുടർച്ചയായി അവഗണന നേരിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

വിവിധ മുന്നണികളിൽപ്പെട്ട ജനപ്രതിനിധികൾ ഉണ്ടായിട്ടും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും റോഡിനെ സമഗ്രമായി നവീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നില്ലെന്നാണ് ആരോപണം. ഇടയ്ക്കിടെ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടിക്കെതിരെ ജനരോഷം ശക്തമാകുകയാണ്.

25ഓളം ബസ് സർവീസുകൾക്ക് പുറമെ ചരക്കുവാഹനങ്ങളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. നിലവിൽ വെള്ളരിക്കുണ്ട് ആർ.ടി.ഒ. ടെസ്റ്റ് ഗ്രൗണ്ട് മുതൽ പെരിയങ്ങാനം വരെയുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്.

വെള്ളരിക്കുണ്ട് ആർ.ടി.ഒ. ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനായി എത്തുന്ന അപേക്ഷകരും റോഡിന്റെ ശോചനീയാവസ്ഥ മൂലം ദുരിതം അനുഭവിക്കുന്നുണ്ട്.

പരപ്പ സ്കൂൾ, ബ്ലോക്ക് പഞ്ചായത്ത്, കരിന്തളം ഗ്രാമപഞ്ചായത്ത്, ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് മലയോര മേഖലയിലെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാത കൂടിയാണിത്. വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാർ ചെയ്ത് നവീകരിക്കണമെന്ന ആവശ്യത്തിനും അധികൃതർ അർഹമായ പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുകയും സമഗ്രമായ നവീകരണം നടത്തുകയും ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.

No comments