രാജേഷിനായി തമ്പുരാട്ടി ബസിന്റെ ഏഴാമത് കാരുണ്യ യാത്ര ആരംഭിച്ചു പരപ്പ–കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ പ്രദീപ് കുമാർ നിർവഹിച്ചു
പരപ്പ: കാരുണ്യത്തിന്റെ പാതയിൽ വീണ്ടും തമ്പുരാട്ടി ബസ്. പരപ്പ–കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസ്, ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് കണ്ടക്ടർ കൂടിയായ കാട്ടിപൊയിൽ പള്ളത്തെ രാജേഷിനു വേണ്ടിയാണ് ഇന്ന് ഏഴാമത് കാരുണ്യ യാത്ര നടത്തുന്നത്.
കുറച്ചുനാളുകൾക്ക് മുമ്പ് ബസ് ജോലിക്കിടെ അപകടത്തിൽപ്പെട്ട രാജേഷ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ലക്ഷക്കണക്കിന് രൂപ സമാഹരിച്ച് ഇതുവരെയുള്ള ചികിത്സ നടത്തിയെങ്കിലും, ഭാര്യയും കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് രാജേഷിന്റെ തുടർചികിത്സയ്ക്കായി ഇനിയും വലിയൊരു തുക ആവശ്യമാണ്.
ഇതേ തുടർന്ന് മുൻപ് ഗുരുതര അസുഖങ്ങളും അപകടങ്ങളും മൂലം ചികിത്സയിൽ കഴിയുന്ന ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി കാരുണ്യ യാത്ര നടത്തി ലക്ഷങ്ങൾ സമാഹരിച്ച് നൽകിയിട്ടുള്ള തമ്പുരാട്ടി ബസ് മാനേജ്മെന്റും തൊഴിലാളികളും രാജേഷിനും കൈത്താങ്ങാകാൻ തീരുമാനിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ പ്രദീപ് കുമാർ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ എട്ടിന് നീലേശ്വരത്തുനിന്നാണ് രാജേഷിനായുള്ള യാത്ര ആരംഭിച്ചത്.
ഇനിയും ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ തുടർന്നാൽ മാത്രമേ രാജേഷിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുകയുള്ളൂ. സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും, മടിക്കൈയിലെ വേണുവിന്റെ ഉടമസ്ഥതയിലുള്ള തമ്പുരാട്ടി ബസ് കാരുണ്യ യാത്രയുമായി മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായി.
രാജേഷിന്റെ ചികിത്സയ്ക്കായി നടത്തുന്ന കാരുണ്യ യാത്രയുമായി എല്ലാവരും സഹകരിച്ച് കഴിയുന്നത്ര തുക സംഭാവനയായി നൽകണമെന്ന് യാത്രയിൽ പങ്കെടുക്കുന്ന ബസ് ജീവനക്കാർ അഭ്യർത്ഥിച്ചു.
No comments